ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ് രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ജോലി രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാര്‍ഗെയുമായും കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്.
കോണ്‍ഗ്രസിനോട് വളരെയധികം നന്ദി പറയുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. 'മോശം സമയത്ത് ചേര്‍ത്തുപിടിക്കുന്നവരാണ് നമ്മുടെ സ്വന്തമാകുന്നത്. ഞങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോള്‍ ബിജെപി ഒഴികെ മറ്റെല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ വേദനയും കണ്ണീരും അവര്‍ ഉള്‍ക്കൊണ്ടു.
സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്രവുമായി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തയ്യാറാണ്' - വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്‌സിലെ മെഡല്‍ നഷ്ടത്തെക്കുറിച്ച് തുറന്നു പറയും. അതിനായി മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്നും' വിനേഷ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ വലിയ ദിനമാണ് ഇതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കായിക താരങ്ങള്‍ക്കു നീതിക്കു വേണ്ടി പോരാടിയപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം ഉറച്ചുനിന്നു. കര്‍ഷകര്‍ക്കു വേണ്ടിയും ഗുസ്തി താരങ്ങള്‍ പോരാടി. അവരുടെ ദേശസ്‌നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്രംഗ് പുനിയയുടെയും കോണ്‍ഗ്രസ് പ്രവേശനം. ഏത് പാര്‍ട്ടിയെ ആണ് വിശ്വസിക്കാന്‍ കഴിയുന്നതെന്ന് ഇരുവര്‍ക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക