പട്ന: ബിഹാറില്‍ വ്യാജ ഡോക്ടറിന്റെ ചികിത്സയില്‍ 15കാരന്‍ മരിച്ചു. വീട്ടുകാരുടെ സമ്മതം വാങ്ങാതെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 15കാരന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. വ്യാജ ഡോക്ടറും കൂട്ടാളികളും ആശുപത്രിയില്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു.
പലതവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് 15കാരനായ കൃഷ്ണകുമാറിനെ സരണിലെ ഗണപതി ആശുപത്രിയില്‍ എത്തിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 'ഞങ്ങള്‍ അവനെ അഡ്മിറ്റ് ചെയ്തു, ഉടന്‍ തന്നെ ഛര്‍ദ്ദി നിലച്ചു. എന്നാല്‍ ഡോക്ടര്‍ അജിത് കുമാര്‍ പുരി പറഞ്ഞു, കുട്ടിക്ക് ഓപ്പറേഷന്‍ ആവശ്യമാണെന്ന്. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് അദ്ദേഹം ഓപ്പറേഷന്‍ നടത്തിയത്. പിന്നീട് എന്റെ മകന്‍ മരിച്ചു,'- അച്ഛന്‍ ചന്ദന്‍ ഷാ ആരോപിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡോക്ടര്‍ക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അയാള്‍ വ്യാജ ഡോക്ടര്‍ ആണെന്ന് കരുതുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഛര്‍ദ്ദി നിലച്ചതോടെ കുട്ടിക്ക് ആശ്വാസമുണ്ടായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു. 'എന്നാല്‍ ഡോക്ടര്‍ വീട്ടുകാരുടെ സമ്മതം വാങ്ങാതെ കുട്ടിയെ ശസ്ത്രക്രിയ ചെയ്യാന്‍ തുടങ്ങി, കുട്ടി വേദന പ്രകടിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് വേദനയെന്ന് ഞങ്ങള്‍ ഡോക്ടറോട് ചോദിച്ചു. ഞങ്ങള്‍ ഡോക്ടര്‍മാരാണോ എന്നായിരുന്നു മറുചോദ്യം. വൈകുന്നേരത്തോടെ, കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ആരോഗ്യനില വഷളായ കുട്ടിയെ ഉടന്‍ തന്നെ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. അവര്‍ കുട്ടിയുടെ മൃതദേഹം ആശുപത്രിയുടെ കോണിപ്പടിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'- കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു.
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഗണപതി സേവാ സദനിലെ സ്വയം പ്രഖ്യാപിത ഡോക്ടറെയും മറ്റ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക