ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വിദേശ യാത്ര നടത്തുന്നത് ഇന്ത്യയെ ആക്ഷേപിക്കാനാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യുഎസില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ രാഹുല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചു പറഞ്ഞതിനോടു പ്രതികരിച്ചാണ് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.
ആര്‍എസ്എസിനെപ്പറ്റി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ല. അത് അറിയണമെങ്കിലും രാഹുല്‍ പല ജന്മം ജനിക്കണം. രാജ്യദ്രോഹിക്ക് ഒരിക്കലും ആര്‍എസ്എസ് എന്താണെന്ന് അറിയില്ല. വിദേശത്ത് എത്തി ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്ക് ആര്‍എസ്എസ്എസിനെ മനസിലാകില്ല. ഇന്ത്യയെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ വിദേശത്തേയ്ക്ക് പോകുന്നതെന്നും ഇന്ത്യയുടെ മൂല്യങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നുമാണ് ആര്‍എസ്എസ് ജനിച്ചതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെക്‌സസില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച രാഹുല്‍, ആര്‍എസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേയ്ക്കു ചുരുക്കുകയാണെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ബഹുസ്വരതയിലാണെന്നും പറഞ്ഞു. സ്ത്രീകള്‍ക്ക് വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതാണ് ജോലിയെന്ന് ആര്‍എസ്എസ് വിശ്വസിക്കുമ്പോള്‍ എല്ലാ മേഖലയിലും സ്ത്രീകള്‍ വരട്ടെ എന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചത് ഭാരത് ജോഡോ യാത്രയാണ്. എല്ലാ രീതിയിലുമുള്ള ആശയ വിനിമയം അവസാനിപ്പിച്ചതാണ് ജോഡോ യാത്ര തുടങ്ങാനിടയാക്കിയത്. പാര്‍ലമെന്റില്‍ ഞങ്ങള്‍ പറഞ്ഞതൊന്നും ടെലിവിഷനില്‍ കാണിച്ചില്ല. ലോകത്ത് തന്നെ ഭാരത് ജോഡോ യാത്രയുടെ രീതി വിരളമായിരുന്നു. എന്റെ കാഴ്ചപ്പാടുകളെ യാത്ര പൂര്‍ണമായും മാറ്റി. ജനങ്ങളെ കേള്‍ക്കുന്നതിലും ആശയവിനിമയം നടത്തുന്നതുമെല്ലാം പൂര്‍ണമായും മാറിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക