കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് മരിച്ചത് 23 പേരെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചത്. തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിസഹകരണം തുടരുകയാണെന്നും, സിഐഎസ്എഫിന് പൂര്‍ണ പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഓഗസ്റ്റ് ഒമ്പതിനാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. യുവ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രക്ഷോഭം ആരംഭിച്ചത്.
ബലാത്സംഗക്കേസ് അന്വേഷിക്കുന്ന സിബിഐയോട് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, സാംപിളുകള്‍ ആരാണ് ശേഖരിച്ചതെന്നത് സുപ്രധാന കാര്യമാണെന്ന് നിരീക്ഷിച്ചു. റിപ്പോര്‍ട്ട് പ്രകാരം രാവിലെ 9.30 ന് യുവ ഡോക്ടറെ അര്‍ധനഗ്നമായ നിലയിലാണ് കണ്ടെത്തുന്നത്. ശരീരത്തില്‍ നിന്നും സാംപിളുകള്‍ ബംഗാളിലെ സിഎഫ്എസ്എല്ലില്‍ അയച്ചു എന്നാണ് പറയുന്നത്. അപ്പോള്‍ ഇത് ആരെടുത്തു എന്നത് സുപ്രധാനമാണെന്ന് കോടതി പറഞ്ഞു.
സിബിഐ സാംപിളുകള്‍ എയിംസില്‍ പരിശോധനയ്ക്ക് അയച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. യുവ ഡോക്ടറുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക അപേക്ഷയെവിടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അപേക്ഷയൊന്നുമില്ലാതെയാണോ പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്നും കോടതി ചോദിച്ചു. തങ്ങള്‍ക്ക് പൊലീസ് നല്‍കിയ രേഖകളില്‍ ഇത്തരം ചെല്ലാനുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സിബിഐ അറിയിച്ചു. പ്രതി കൃത്യം നടത്തിയതിന് ശേഷം ആ മുറിയില്‍ ആരൊക്കെ കയറി എന്നതിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം ഉണ്ടോയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക