കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ. 'മമത ബാനര്‍ജി നുണ പറയുകയാണ്. നഷ്ടപരിഹാരമായി പണം കിട്ടും, അതുകൊണ്ട് മകളുടെ ഓര്‍മ്മക്കായി എന്തെങ്കിലും നിര്‍മ്മിക്കാനാണ് മമത പറഞ്ഞത്. എന്റെ മകള്‍ക്ക് നീതി കിട്ടുമ്പോള്‍ ഞാന്‍ നിങ്ങളുടെ ഓഫീസില്‍ വന്ന് നഷ്ടപരിഹാരം വാങ്ങാമെന്ന് അന്ന് മറുപടി നല്‍കിയെന്നും' കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. ഞങ്ങളുടെ മകള്‍ ഇനി തിരിച്ചു വരില്ല. അവളുടെ പേരില്‍ ഇനി ഞങ്ങള്‍ എന്തിന് കള്ളം പറയണം. നഷ്ടപരിഹാരമായി പണം നല്‍കുന്നതിനെക്കുറിച്ചാണ് മുഖ്യമന്ത്രി മമത പറഞ്ഞത്. എന്റെ മകളെ എങ്ങനെ കഴുത്തു ഞെരിച്ചു കൊന്ന് തെളിവുകള്‍ നശിപ്പിച്ചോ, അതുപോലെ മകള്‍ക്ക് നീതി തേടിയുള്ള സമരത്തെയും കഴുത്തു ഞെരിച്ചു കൊല്ലാനാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന്' ഡോക്ടറുടെ അമ്മ ആരോപിച്ചു.
'ഞങ്ങള്‍ തെരുവില്‍ തന്നെയുണ്ടാകും, മകള്‍ക്ക് നീതി കിട്ടും വരെ ഞങ്ങള്‍ സമരം ചെയ്യും. നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ദുര്‍ഗാപൂജ ഉത്സവത്തിലേക്ക് മാറണമെങ്കില്‍, മാറാം. പക്ഷേ അവര്‍ എന്റെ മകളെ അവരുടെ കുടുംബാംഗമായി കണക്കാക്കുന്നവെങ്കില്‍, അവര്‍ക്ക് ഉത്സവത്തില്‍ പങ്കെടുക്കാനാകുമോ?. എന്റെ വീട്ടിലും ദുര്‍ഗ്ഗാപൂജ നടത്തിയിരുന്നു. മകളാണ് അതിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇനി ഒരിക്കലും എന്റെ വീട്ടില്‍ ദുര്‍ഗ്ഗാപൂജ ആഘോഷിക്കില്ല. എന്റെ മുറിയിലെ വെളിച്ചം കെട്ടു. അപ്പോള്‍ ഉത്സവത്തിലേക്ക് മടങ്ങാന്‍ ഞാന്‍ എങ്ങനെ ആളുകളോട് പറയും?'. കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ ചോദിച്ചു.
യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, പൊലീസ് യുവതിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത സംഭവം മുഖ്യമന്ത്രി മമത ബാനര്‍ജി നിഷേധിച്ചിരുന്നു. തന്റെ സര്‍ക്കാരിനെ മോശമാക്കാനുള്ള അപവാദം ആണെന്നാണ് മമത ആരോപിച്ചത്. ഇതിനെതിരെയാണ് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പ്രതികരണവുമായി രംഗത്തു വന്നത്. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറായിരുന്ന യുവതി ഓഗസ്റ്റ് 9 നാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക