ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. മോദിയുടെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സന്ദര്‍ശിച്ച നടപടിയെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. ഗണേശപൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്നും പലപ്പോഴും രാഷ്്ട്രീയക്കാരും ജഡ്ജിമാരും വേദി പങ്കിടാറുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, ഗണേശ ചതുര്‍ഥി ആശംസ നേര്‍ന്നുകൊണ്ടു പ്രധാനമന്ത്രിതന്നെയാണ് ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ചത്.
പ്രധാനമന്ത്രിയെ വസതിയില്‍ സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അനുവദിച്ചത് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ പ്രതികരിച്ചു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടില്‍ വിശ്വാസം നഷ്ടമായെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രതികരിക്കണമെന്നും ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്തരം കൂടിക്കാഴ്ചകള്‍ സംശയം ഉയര്‍ത്തുന്നതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കക്കേസില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക