ന്യൂഡല്‍ഹി: കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം മഴ അടക്കമുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നത് ഇന്ന് കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. രാജ്യത്ത് അടുത്തിടെ ഉണ്ടായ പല ദുരന്തങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാതെ വന്നത് ഇത് കാരണമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പരിഹാരമെന്നോണം നിരീക്ഷണ സംവിധാനങ്ങള്‍ വിപുലീകരിച്ചും എഐ, മെഷീന്‍ ലേണിങ് പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയും കാലാവസ്ഥ മനസ്സിലാക്കാനും പ്രവചനം മെച്ചപ്പെടുത്താനും 'മിഷന്‍ മൗസം' എന്ന പേരില്‍ ഒരു ദൗത്യത്തിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മേഘങ്ങള്‍ കൃത്രിമമായി വികസിപ്പിക്കുന്നതിനുള്ള ഒരു ലബോറട്ടറി സൃഷ്ടിക്കുക, റഡാറുകളുടെ എണ്ണം 150 ശതമാനത്തിലധികം വര്‍ധിപ്പിക്കുക, പുതിയ ഉപഗ്രഹങ്ങള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയും ഈ ദൗത്യത്തിന്റെ ഭാഗമാക്കും.
എന്തുകൊണ്ട് മിഷന്‍ മൗസം ആവശ്യമാണ്?
അന്തരീക്ഷ പ്രക്രിയകളുടെ സങ്കീര്‍ണ്ണതയും നിലവിലെ നിരീക്ഷണത്തിലും മോഡല്‍ റെസലൂഷനിലുമുള്ള പരിമിതികളും കാരണം ഉഷ്ണമേഖലാ കാലാവസ്ഥാ പ്രവചനം വെല്ലുവിളിയായി തുടരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിരീക്ഷണ ഡാറ്റ പരിമിതമാണ്. കൂടാതെ ന്യൂമറിക്കല്‍ വെതര്‍ പ്രെഡിക്ഷന്‍ മോഡലുകളുടെ തിരശ്ചീന റെസല്യൂഷന്‍, നിലവില്‍ 12 കിലോമീറ്ററാണ്. ഇന്ത്യയിലെ ചെറിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കുന്നത് ഇത് ബുദ്ധിമുട്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കുകയാണ്. അതിന്റെ ഫലമായി ഒറ്റപ്പെട്ട കനത്ത മഴയും പ്രാദേശികമായ വരള്‍ച്ചയും ഉണ്ടാകുന്നു. ഇത് ഒരേസമയം വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കാലാവസ്ഥ മാറ്റം കാരണം മേഘവിസ്‌ഫോടനം, ഇടിമിന്നല്‍, ചുഴലിക്കാറ്റ് എന്നിവ സാധാരണ സംഭവങ്ങളായി മാറിയിരിക്കുകയാണ്.
കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം മനസ്സിലാക്കുന്നതിന്, മേഘങ്ങള്‍ക്കകത്തും പുറത്തും, ഉപരിതലത്തിലും, ഉയര്‍ന്ന അന്തരീക്ഷത്തിലും, സമുദ്രങ്ങളിലും, ധ്രുവപ്രദേശങ്ങളിലും സംഭവിക്കുന്ന ഭൗതിക പ്രക്രിയകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ആവശ്യമാണെന്ന് മന്ത്രാലയം പറഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള പ്രവചനങ്ങള്‍ സൃഷ്ടിക്കുന്നതിനായി NWP മോഡലുകളുടെ തിരശ്ചീന റെസല്യൂഷന്‍ 12 കിലോമീറ്ററില്‍ നിന്ന് ആറ് കിലോമീറ്ററായി കുറയ്‌ക്കേണ്ടതുണ്ട്. ഗ്രൗണ്ട് ലെവലില്‍ ആവര്‍ത്തിച്ചുള്ള നിരീക്ഷണം ശക്തമാക്കേണ്ടതും അനിവാര്യമാണ്.
അഞ്ചുവര്‍ഷം കൊണ്ട് വരുന്ന മാറ്റം?
അഞ്ചുവര്‍ഷത്തെ ദൗത്യം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ പറഞ്ഞു. 2026 മാര്‍ച്ച് വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ നിരീക്ഷണ ശൃംഖല വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 70 ഓളം ഡോപ്ലര്‍ റഡാറുകളും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളും 10 വിന്‍ഡ് പ്രൊഫൈലറുകളും 10 റേഡിയോമീറ്ററുകളും സജ്ജീകരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 39 ഡോപ്ലര്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിന്‍ഡ് പ്രൊഫൈലറും സജ്ജീകരിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ
ഒബ്‌സര്‍വിങ് സിസ്റ്റം സിമുലേഷന്‍ എക്സ്പെരിമെന്റും നടപ്പാക്കും. ഇത് മുന്നോട്ട് പോകേണ്ട നിരീക്ഷണങ്ങളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ സഹായിക്കുമെന്നും രവിചന്ദ്രന്‍ പറഞ്ഞു.
നിരീക്ഷണ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഉപഗ്രഹങ്ങളും വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാക്കുന്നതാണ് രണ്ടാം ഘട്ടം. അഞ്ച് വര്‍ഷത്തെ കാലയളവില്‍, മന്ത്രാലയവും അതിന്റെ കീഴിലുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പ് അടക്കമുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് കാലാവസ്ഥയെയും കാലാവസ്ഥാ പ്രക്രിയകളെയും പ്രവചനത്തെയും കുറിച്ചുള്ള അവരുടെ ധാരണ മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും. കാലാവസ്ഥാ മാനേജ്‌മെന്റ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും പ്രയത്‌നിക്കും.
മേഘങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന പ്രക്രിയകളെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജിയില്‍ 'ക്ലൗഡ് ചേംബര്‍' സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഐഐടിഎമ്മിലെ ലബോറട്ടറിക്കുള്ളില്‍ കൃത്രിമമായി മേഘങ്ങള്‍ സൃഷ്ടിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. അതുവഴി മേഘങ്ങളെ കുറിച്ച് മനസിലാക്കാനും ക്ലൗഡ് സീഡിങ്ങിന്റെ (മഴ ഉല്‍പ്പാദിപ്പിക്കുന്നതിന് മേഘങ്ങളില്‍ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്ന ഒരു പ്രക്രിയ) സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സഹായിക്കും. മഴ വര്‍ധിപ്പിക്കാനും കുറയ്ക്കാനും ഏത് തരം വസ്തുക്കളാണ് ആകാശത്ത് വിതറേണ്ടത് എന്ന് അറിയാനും ഇത് സഹായകമാകുമെന്നും രവിചന്ദ്രന്‍ പറഞ്ഞു.
'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മഴയും ആലിപ്പഴം വര്‍ഷിക്കുന്നതും കൃത്രിമമായി വര്‍ദ്ധിപ്പിക്കാനോ നിയന്ത്രിച്ച് നിര്‍ത്താനോ ഞങ്ങള്‍ ലക്ഷ്യമിടുന്നു. അതിനുശേഷം, മിന്നല്‍ പോലുള്ള മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു, ഇത് വെള്ളപ്പൊക്കത്തിന് കാരണമാകും. എനിക്ക് മഴയെ നിയന്ത്രിക്കാന്‍ കഴിയുമോ? ക്ലൗഡ് സീഡിങ്ങിലൂടെ മഴ നിര്‍ത്താം. അതുപോലെ, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വര്‍ധിപ്പിച്ച് വരള്‍ച്ച തടയാന്‍ സഹായിക്കും. സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് (സോളിഡ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്) എന്നിവയാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പദാര്‍ത്ഥങ്ങള്‍. ഈ ഏജന്റുകള്‍ ജലബാഷ്പം ഘനീഭവിക്കാന്‍ സഹായിക്കുന്നു, ഇത് ആത്യന്തികമായി മഴയുടെയോ മഞ്ഞിന്റെയോ രൂപീകരണത്തിലേക്ക് നയിക്കുന്നു.' കാലാവസ്ഥ മാനേജ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പിടിഐയുടെ ചോദ്യത്തിന് മറുപടിയായി രവിചന്ദ്രന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റു ലക്ഷ്യങ്ങള്‍?
കാലാവസ്ഥാ പ്രവചന കൃത്യത അഞ്ച് മുതല്‍ 10 ശതമാനം വരെ മെച്ചപ്പെടുത്താനും എല്ലാ പ്രധാന മെട്രോ നഗരങ്ങളിലും വായു ഗുണനിലവാര പ്രവചനം 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മിഷന്‍ മൗസത്തിന് രൂപം നല്‍കുന്നത്.
പഞ്ചായത്ത് തലം വരെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കുകയും പ്രവചനത്തിന്റെ ആവര്‍ത്തനം മൂന്ന് മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി മെച്ചപ്പെടുത്തുകയും ചെയ്യും. ഇടിമിന്നല്‍, കനത്ത മഴ അല്ലെങ്കില്‍ മഞ്ഞ് പോലുള്ള അതിവേഗം മാറുന്ന കാലാവസ്ഥാ സംഭവങ്ങള്‍ ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോഗപ്രദമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക