ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസ് ഉടന്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുമ്പാകെ അറിയിക്കുമെന്നും, ജാതി സെന്‍സസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ വ്യക്തമാക്കി. മൂന്നാം മോദി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ വാര്‍ത്താസമ്മേളനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേന്ദ്രസര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുപുസ്തകവും അമിത് ഷാ പ്രകാശിപ്പിച്ചു. 1881 മുതല്‍ 10 വര്‍ഷം കൂടുമ്പോള്‍ രാജ്യത്ത് സെന്‍സസ് നടത്തിയിരുന്നു. 2020 ല്‍ സെന്‍സസ് നടത്തേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം നടത്താനാകാതെ നീണ്ടുപോകുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കിയെന്നും, രാജ്യം വികസനത്തിന്റെ പാതയിലാണെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ജൂലൈയില്‍ അധികാരമേറ്റശേഷം ഇതുവരെ 15 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കാന്‍ അനുമതി നല്‍കിയത്. അടിസ്ഥാന വികസന രംഗത്ത് മൂന്ന് ലക്ഷം കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. യുവാക്കള്‍ക്കായി പിഎം പാക്കേജില്‍ 2 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 4.10 കോടി യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ത്തന്നെ നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാരിന് കീഴില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായി നട്ടെല്ലുള്ള ഒരു വിദേശ നയം നമ്മുടെ രാജ്യത്തിനുണ്ടായി. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് വീടില്ലാത്ത ആരും ഉണ്ടാകരുതെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 60 കോടി പേര്‍ക്കാണ് വീടു നിര്‍മ്മിച്ചു നല്‍കിയത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍, കലാപം നടത്തുന്ന കുക്കി-മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആധുനികവും പ്രാചീനവുമായ വിദ്യാഭ്യാസ പദ്ധതികളെ കോര്‍ത്തിണക്കി പുതിയ വിദ്യാഭ്യാസനയം കൊണ്ടുവന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുക ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഖ്പതി ദീദി പദ്ധതി 1.1 ദശലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക