ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. ഇന്ന് ഒഡിഷയിലെത്തുന്ന മോദി വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഭുവനേശ്വർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേക്ക് പോകും. ഇവിടെയാണ് പ്രധാനമന്ത്രി പിറന്നാള്‍ ദിനം ചെലവഴിക്കുക. തുടർന്ന് ആവാസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി മോദി ആശയവിനിമയം നടത്തും. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിലും ജനത മൈതാനിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് പലയിടങ്ങളിലും ഓട്ടോറിക്ഷകളും യാത്ര നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന സേവാ പർവ് എന്ന ആഘോഷത്തിനും ഇന്ന് തുടക്കമാകും.
ഇതിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാംപുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിനവും ഇന്ന് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 2024 ലും ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായ മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡും മോദി സ്വന്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി – ഹീരാബെൻ ദമ്പതികളുടെ മകനായാണ് നരേന്ദ്ര മോദി ജനിച്ചത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക