'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്': വേണ്ടിവരിക 18 ഭരണഘടനാ ഭേദഗതികള്‍, എന്‍ഡിഎയ്ക്കു പുറത്തുനിന്നുള്ള പിന്തുണ നിര്‍ണായകമാവും

ഭരണഘടന ഭേദഗതികള്‍ക്ക് പാര്‍ലമെന്റും പകുതി സംസ്ഥാന നിയമസഭകളും അനുമതി നല്‍കേണ്ടതുണ്ട്
one nation one election
പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് നരേന്ദ്രമോദി സര്‍ക്കാരിന് ഒട്ടേറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ 18 ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമപരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. നിര്‍ണായകമായ ഭരണഘടന ഭേദഗതികള്‍ക്ക് പാര്‍ലമെന്റും പകുതി സംസ്ഥാന നിയമസഭകളും അനുമതി നല്‍കേണ്ടതുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന്, അഞ്ചു വര്‍ഷത്തേക്ക് വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമ നിര്‍മാണസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. അതുപ്രകാരം 2029 ല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍, 2026 ല്‍ കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് മൂന്നുവര്‍ഷം കാലാവധിയേ ഉണ്ടാകൂ. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ വരികയോ, അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പുറത്താകുകയോ ചെയ്താല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ മാത്രമാകും കാലാവധിയെന്നും 18,626 പേജുകളുള്ള റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ ചേരുന്ന ആദ്യ സമ്മേളന തീയതിയാകും അപ്പോയിന്റഡ് ഡേറ്റ് ആയി കണക്കാക്കുക. സംസ്ഥാന നിയമസഭകളുടെ കാലാവധി അപ്പോയിന്റഡ് ഡേറ്റ് മുതലുള്ള അഞ്ചു വര്‍ഷമാകും. കേന്ദ്രസര്‍ക്കാര്‍ അവിശ്വാസ പ്രമേയമോ മറ്റോ മൂലം ഇടയ്ക്ക് വീണാല്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലാവധി, ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് ആയിരിക്കും. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഉന്നതതല സമിതി ശുപാര്‍ശ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

one nation one election
'ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കും': റാംനാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

എന്നാല്‍ ഭരണഘടനാ ഭേദഗതികള്‍ പാസ്സാക്കാന്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ട്. ഇതിന് എന്‍ഡിഎ മുന്നണിക്ക് പുറത്തു നിന്നും പിന്തുണ കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും. 543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 293 എംപിമാരാണുള്ളത്. എന്നാല്‍ ഭരണഘടനാ ഭേദഗതി പാസ്സാകാന്‍ 326 പേരുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് 234 അംഗങ്ങളുണ്ട്. 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 113 എംപിമാരും ആറു നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. ഇന്ത്യ മുന്നണിക്ക് 85 പേരുമുണ്ട്. രാജ്യസഭയില്‍ വോട്ടെടുപ്പില്‍ ഭരണഘടനാഭേദഗതി പാസ്സാകാന്‍ 164 എംപിമാരുടെ പിന്തുണയും ആവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com