ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.
ഇയാൾ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നുങ്കമ്പാക്കത്തെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും അന്ന് നടിയും നുങ്കമ്പാക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടിയും നിർമ്മാതാവ് രാജേഷും സഹായികളും ചേർന്ന് മർദിച്ചെന്ന് കാണിച്ച് സുഭാഷും പൊലീസിൽ പരാതി നൽകി.
നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.
കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ പാർവതിക്കും നിർമ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു. വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്നാണ് നടിയുടെ പ്രതികരണം. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ സജീവമായ പാർവതി മോഡൽ കൂടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ഗോട്ടിലും പാർവതി അഭിനയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക