ബംഗളുരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയിലാണ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബര്‍ 24ന് അകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരവും, 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 218 പ്രകാരവുമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നല്‍കിയത്. ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഓഗസ്റ്റ് 19ന് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചു. മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പെടെ മൂന്നു പേര്‍ നല്‍കിയ പരാതികളിലായിരുന്നു ഗവര്‍ണറുടെ നടപടി.
താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹര്‍ജി. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി മുഡയില്‍ അപേക്ഷ നല്‍കിയത്. 2022 ജനുവരി അഞ്ചിനാണ് പാര്‍പ്പിട സ്ഥലങ്ങള്‍ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സര്‍ക്കാര്‍ ഖജനാവിന് ഇതുവഴി 55.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി ജി അബ്രഹാം നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക