ബംഗളൂരു: കര്‍ണാടകയില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഡ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നടപടി. മുഡ കുംഭകോണത്തില്‍ കര്‍ണാടക ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുഡ ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷമായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം. ഏജന്‍സി പക്ഷപാതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയതും മുഡ കേസുമായി ബന്ധമുണ്ടെന്ന ആരോപണം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ തള്ളി. സിബിഐ ദുരുപയോഗം ചെയ്തുവെന്നാണ് എച്ച് കെ പാട്ടീലിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ സിബിഐ ഏല്‍പ്പിച്ചതോ സിബിഐ സ്വമേധയാ ഏറ്റെടുത്ത കേസുകളില്‍ പോലുമോ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. നിരവധി ഖനന കേസുകള്‍ അന്വേഷിക്കാനും സിബിഐ വിമുഖത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് അവരുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതം ആവശ്യമാണ്. എന്നാല്‍ സിബിഐ വിവേകപൂര്‍വമല്ല ഈ സാധുത ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ വിധിയോടെയാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. അതാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണോ ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കെതിരെ കോടതി ഉത്തരവുണ്ടെന്നും ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ താന്‍ രാജിവെക്കില്ലെന്ന തീരുമാനം ആവര്‍ത്തിച്ചു. ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്നും നിയമപോരാട്ടം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രൊഫഷണല്‍ കള്ളന്റെ പ്രതികരണമാണ് സിദ്ധരാമയ്യ നടത്തുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്നും സിബിഐ അന്വേണഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കിയെന്നാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക