
ന്യൂഡല്‍ഹി: ചൂടേറിയ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ പൊട്ടിച്ചിരി പടര്‍ത്തി അഖിലേഷ് യാദവ് - അമിത് ഷാ സംവാദം. ബിജെപി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശമാണ് സാഹചര്യത്തിന് വഴിയൊരുക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിക്ക് സ്വന്തമായൊരു അധ്യക്ഷന്‍ ഇല്ലെന്നായിരുന്നു പരിഹാസ ചിരിയോടെയുള്ള അഖിലേഷ് യാദവിന്റെ പരാമര്‍ശം. അഖിലേഷിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബെഞ്ചില്‍ പോലും അമ്പരപ്പുണ്ടാക്കി. ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ബിജെപി നേതാവ് അമിത് ഷായ്ക്കും ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
'അഖിലേഷ് ജി നിറഞ്ഞ ചിരിയോടെ ഒരു പരാമര്‍ശം നടത്തി. ഞാനും അതേ രീതിയില്‍ പ്രതികരിക്കും. ഈ സഭയില്‍ നമ്മുടെ എതിര്‍വശത്ത് ഇരിക്കുന്ന പാര്‍ട്ടികളുടെയെല്ലാം ദേശീയ പ്രസിഡന്റുമാര്‍ അഞ്ച് കുടുംബാംഗങ്ങളില്‍ നിന്ന് മാത്രം തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ ബിജെപിയില്‍ അങ്ങനെയല്ല പാര്‍ട്ടിയില്‍, 12-13 കോടി അംഗങ്ങളുണ്ട്. അതിലൊരാളാകണം അധ്യക്ഷന്‍. അതിനാല്‍ സ്വാഭാവികമായും സമയമെടുക്കും,' എന്നായിരുന്നു അമിത് ഷായുടെ മറുപടി. ''നിങ്ങളുടെ കാര്യം തന്നെയെടുക്കാം. നിങ്ങള്‍ക്ക് അധികം സമയം എടുക്കേണ്ട. നിങ്ങള്‍ തന്നെ അടുത്ത 25 വര്‍ഷവും പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി തുടരും.'' അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞു.
ജെപി നദ്ദ കേന്ദ്ര സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റതോടെ ബിജെപി ദേശീയ അധ്യക്ഷപദവി പത്ത് മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാര്യമായിരുന്നു അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക