ലഖ്‌നൗ: ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് നവവധു വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സഭവം. ഭര്‍ത്താവും വീട്ടുകാരും യുവതിയോട് 50ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി. മാര്‍ച്ച് 30 മുതലാണ് ഇവര്‍ ഭര്‍ത്താവ് പ്രണവ് സിംഗാളിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
2024 ഫെബ്രുവരി 2നാണ് 30 കാരിയായ ശാലിനി സിംഗാള്‍ 32 കാരനായ പ്രണവ് സിംഗാളിനെ വിവാഹം കഴിച്ചത്. ഫെബ്രുവരി 15ന് ദമ്പതികള്‍ ഹണിമൂണിന് ഇന്തോനേഷ്യയിലേയ്ക്ക് പോയി. പത്ത് ദിവസത്തിന് ശേഷം തിരിച്ചെത്തുകയും ചെയ്തു.
മാര്‍ച്ച് 5 വരെ ശാലിനി ഭര്‍തൃവീട്ടുകാരോടൊപ്പം താമസിച്ചു. തുടര്‍ന്ന് ഹോളി ആഘോഷിക്കാന്‍ മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോയി. മാര്‍ച്ച് 30 ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ശാലിനിയെ തടഞ്ഞുവെന്നാണ് ആരോപണം. തുടര്‍ന്ന് ഇവര്‍ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അതേസമയം സ്ത്രീധനം ചോദിച്ചുവെന്ന ആരോപണം ഭര്‍ത്താവ് നിഷേധിച്ചു. മീററ്റിലെ കൊലപാതകത്തിന് ശേഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് ആരോപിക്കുന്നത്. എന്നാല്‍ വധുവില്‍ നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക