Waqf Bill: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യാ സഖ്യം

നാല് സിപിഎം ലോക്സഭാംഗങ്ങളും ഡല്‍ഹിയിലെത്തി വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും
Parliament
പാര്‍ലമെന്റ് മന്ദിരം ഫയല്‍
Updated on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്.

ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം.

അതേസമയം ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വോട്ടെടുപ്പും ആവശ്യപ്പെടും. വഖഫ് ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി മധുരയിലെത്തിയ നാല് സിപിഎം ലോക്സഭാംഗങ്ങളും ഡല്‍ഹിയിലെത്തി വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് എംപിമാരായ കെ രാധാകൃഷ്ണൻ, അമ്രാ റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിദാനന്ദം എന്നിവർ ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഇവർ മധുരയിൽ തിരിച്ചെത്തി പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com