
മധുര: സിപിഎം പാർട്ടി കോൺഗ്രസ് പാതി ദൂരം പിന്നിട്ടിട്ടും പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി ആരായിരിക്കുമെന്ന കാര്യത്തിൽ ഉന്നത നേതൃത്വം ഇതുവരെ സമവായത്തിലെത്തിയില്ല. എംഎ ബേബിയുടെ പേരാണ് കൂടുതലായി പറഞ്ഞു കേൾക്കുന്നത്. എന്നാൽ രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള നേതാക്കൾ ഈ നീക്കത്തിൽ ആശങ്ക പങ്കിടുന്നുണ്ട്. മുൻ പാർട്ടി കോൺഗ്രസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള സമീപനമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഇത്തവണ എല്ലാ ആകാംക്ഷയും പുതിയ ജനറൽ സെക്രട്ടറിയെ ചുറ്റിപ്പറ്റിയാണ്.
മുതിർന്ന പിബി അംഗമായ ബിവി രാഘവുലുവാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന മറ്റൊരു പേര്. ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുന്നതും പിന്നീട് അതേക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകുന്നതും രാഘവുലു ആയിരിക്കും എന്നത് ശ്രദ്ധേയമാണ്. രണ്ട് റിപ്പോർട്ടുകളും പാർട്ടി സെക്രട്ടറിയാണ് സാധാരണ അവതരിപ്പിക്കാറുള്ളത്. ഇത്തവണ സെക്രട്ടറിയില്ലാത്തിനാൽ പ്രകാശ് കാരാട്ട് രാഷ്ട്രീയ അവലോകനം അവതരിപ്പിക്കുമ്പോൾ രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
ഹിന്ദി മേഖലയിൽ നിന്നുള്ള കിസാൻ നേതാവ് അശോക് ധാവ്‍ലെയും പുതിയ ജനറൽ സെക്രട്ടറി സാധ്യതാ പട്ടികയിലുണ്ട്. ബൃന്ദ കാരാട്ടിനെ സെക്രട്ടറി ആക്കണമെന്ന ആവശ്യവും ചില പ്രതിനിധികൾ പങ്കിടുന്നു.
രാഘവുലുവും ബേബിയും പിബിയിലെ ഏറ്റവും മുതിർന്നവരാണ്. സ്വാഭാവികമായും രണ്ട് പേർക്കും മുൻഗണന ലഭിക്കും. അവർ ഒരേ പ്രായത്തിലുള്ളവരുമാണ്. ഇരുവരുടേയും പ്രകടനം, അവരുടെ പ്രദേശങ്ങളിലെ പാർട്ടിയുടെ ശക്തി എന്നിവയുൾപ്പെടെ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കും.
നിലവിൽ പാർട്ടി ജനറൽ സെക്രട്ടറി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നു മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളിലൊരാൾ വ്യക്തമാക്കി. ബേബിയെ തെരഞ്ഞെടുക്കുന്നത് പാർട്ടി മുഴുവൻ കേരളത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു എന്നൊരു പ്രതീതി നൽകുമെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പകരം ദേശീയ തലത്തിൽ ശ്രദ്ധേയനായ ഒരു നേതാവിനെ പാർട്ടി തെരഞ്ഞെടുക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
സാധ്യതയിൽ മുന്നിലുള്ള നേതാക്കൾ കാര്യക്ഷമതയുള്ളവരും അവരുടെ മേഖലകളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ വലിയ ചോദ്യം ജനങ്ങൾക്ക് അവരെ അറിയാമോ എന്നതാണ്. യെച്ചൂരിയെപ്പോലുള്ള ഒരാൾക്ക് ശേഷം സമാനമായ ഒരു പ്രൊഫൈൽ ഉള്ള ഒരു സെക്രട്ടറി വേണ്ടതല്ലേ എന്നു മറ്റൊരു മുതിർന്ന സിസി നേതാവ് ചോദിക്കുന്നു. കിസാൻ ലോങ് മാർച്ചിനു ശേഷം ധാവ്‍ലെയ്ക്ക് ഒരു ദേശീയ പ്രൊഫൈൽ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ കേരള സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. കേരള ഘടകത്തിലെ മിക്ക നേതാക്കളും ബേബി ഉന്നത സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക