social media image
ഇത്തരം വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടിഫയല്‍

Social Media: 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കണം; ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
Published on

ന്യൂഡല്‍ഹി: 13 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആശങ്കകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ മാറ്റേഴ്‌സ് എന്ന സംഘട നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുവാക്കള്‍ ഒരു ദിവസം ശരാശരി അഞ്ച് മണിക്കൂറിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിരവധി നിര്‍ദേശങ്ങളും ഹര്‍ജിയില്‍ പറയുന്നുണ്ട്. 13 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. സോഷ്യല്‍ മീഡിയയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ശനമായ പ്രായപരിശോധന, ഉള്ളടക്ക നിയന്ത്രങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണം. നിബന്ധനകള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com