
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത് നിര്‍ണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നിവയ്ക്കായുള്ള രാജ്യത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഒരു 'നിര്‍ണ്ണായക നിമിഷം' എന്നാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചത്.
നിയമഭേദഗതി വളരെക്കാലമായി പിന്നാക്കം നില്‍ക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ സഹായിക്കുമെന്ന് മോദി പറഞ്ഞു. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യത ഇല്ലായ്മയുടെയും ഉത്തരവാദിത്ത രാഹിത്യത്തിന്റെയും പര്യായമാണ്. മുസ്ലീം സ്ത്രീകളുടെയും ദരിദ്ര മുസ്ലീങ്ങളുടെയും പിന്നാക്ക പസ്മാന്ദ മുസ്ലീങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഹനിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. ആധുനികവും സാമൂഹിക നീതി ഉറപ്പാക്കുന്നതുമായ പുതിയ യുഗത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഓരോ പൗരന്റെയും അന്തസ്സിന് മുന്‍ഗണന നല്‍കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധരാണ്. അങ്ങനെയാണ് ശക്തവും, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും, അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. രാജ്യസഭയിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 95 നെതിരെ 128 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക