
ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ പുഴുക്കളും ഫംഗസുകളും കണ്ടതായുള്ള പരാതികള്‍ വ്യാപകമായി ഉയരുന്നതിനിടെ, 2025 ലെ ലോകാരോഗ്യ ദിനത്തില്‍ നടത്തിയ സര്‍വേയില്‍ സുപ്രധാന കണ്ടെത്തല്‍. തങ്ങള്‍ വാങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ പ്രാണികളെയും പുഴുക്കളെയും ലഭിച്ചിരുന്നതായി സര്‍വേയില്‍ 38 ശതമാനം ഗാര്‍ഹിക ഉപഭോക്താക്കള്‍ വെളിപ്പെടുത്തി.
കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍, ഐസ്‌ക്രീം, ടെട്രാ പായ്ക്ക് ജ്യൂസുകള്‍ മുതല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് വരെ, ജനപ്രിയ ബ്രാന്‍ഡുകളില്‍ അടക്കം പുഴുക്കളും ഫംഗസും കണ്ടെത്തിയതായി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി വ്യക്തമാക്കുന്നു.
മോശമായ ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ കൃത്യമായ പരിശോധനകളും കര്‍ശന നടപടികളും സ്വീകരിക്കണണെന്ന് സര്‍വേയില്‍ പങ്കെടുത്ത 10 പേരില്‍ 9 പേരും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 341 ജില്ലകളിലെ 40,000ത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളോട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ എത്ര പാക്കേജു ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പ്രാണികള്‍, ഫംഗസ് അല്ലെങ്കില്‍ മറ്റ് മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു ചോദിച്ചിരുന്നത്. പത്തിലധികം ഉത്പന്നങ്ങളും മോശമായിരുന്നുവെന്നാണ് രണ്ടുശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.
ഏഴ് മുതല്‍ പത്ത് വരെ ഉല്‍പ്പന്നങ്ങളില്‍ പ്രാണികളും ഫംഗസും കണ്ടതായി ഒമ്പത് ശതമാനം പേരും, മൂന്നു മുതല്‍ ആറു വരെ ഉല്‍പ്പന്നങ്ങള്‍ മോശമായിരുന്നെന്ന് ഏഴ് ശതമാനം പേരും അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ ഉത്പന്നങ്ങള്‍ പ്രാണികള്‍ അടങ്ങിയത് ലഭിച്ചതായി 20 ശതമാനം പേരും സര്‍വേയില്‍ വെളിപ്പെടുത്തി.
സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം ഗാര്‍ഹിക ഉപഭോക്താക്കളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, വാങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ പ്രാണികള്‍, ഫംഗസ് മുതലായവ ബാധിച്ചത് ലഭിച്ച ഒന്നോ അതിലധികമോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി സര്‍വേ പറയുന്നു. 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. മോശം ഉത്പന്നത്തിന്റെ ബ്രാന്‍ഡ് ഒഴിവാക്കുമെന്ന് 59 ശതമാനം പേര്‍ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ അടക്കമുള്ള ഏജന്‍സികള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്ന് 88 ശതമാനം പേരും ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക