Allahabad High Court: 'സ്വയം വരുത്തിവച്ച വിന', ബലാത്സം​ഗ കേസില്‍ വിവാദ പരാമര്‍ശവുമായി ഹൈക്കോടതി, പ്രതിക്കു ജാമ്യം

ഇത് ബലാത്സംഗ കേസല്ല, മറിച്ച് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Allahabad High Court
അലഹബാദ് ഹൈക്കോടതിപ്രതീകാത്മക ചിത്രം
Updated on

അലഹബാദ്: ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി വിവാദത്തിൽ. അതിജീവിത അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും സംഭവത്തിൽ അവരും ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് കേസ് പരി​ഗണിച്ചത്.

ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിങ് ​ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബർ 21 ന് യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റൊറന്റിൽ പോയി. പുലർച്ചെ 3 മണി വരെ മദ്യപിച്ചു. മദ്യ ലഹരിയിൽ മടക്കയാത്ര പ്രയാസകരമായിരുന്നതിനാൽ പ്രതിയുടെ വീട്ടിൽ പോയി താമസിക്കാൻ യുവതി തന്നെ സമ്മതിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിങ് ഉത്തരവിൽ പറയുന്നു.

വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി രണ്ടുതവണ ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ ആരോപണം തെറ്റാണെന്നും ഇത് തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. കേസിന്റെ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, ഇത് ബലാത്സംഗ കേസല്ല, മറിച്ച് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരിക്കാമെന്നും ഉത്തരവിൽ പറയുന്നു.

ഇരുവരും പ്രായപൂർത്തിയായവരാണെന്നതിൽ തർക്കമില്ല. അതിജീവിത എംഎ വിദ്യാർഥിനിയാണ്. അതിനാൽ അവളുടെ പ്രവൃത്തിയുടെ ധാർമികതയും പ്രാധാന്യവും മനസ്സിലാക്കാൻ അവൾക്ക് കഴിവുണ്ടായിരുന്നു. അതിജീവിതയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവൾ തന്നെ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. അതിജീവിതയുടെ മൊഴിയിലും സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

വൈദ്യപരിശോധനയിൽ അവളുടെ കന്യാചർമ്മം പൊട്ടിയതായി കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് ഡോക്ടർമാർ ഒന്നും പറയുന്നില്ലെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. നിയമനടപടികളിൽ നിന്ന് പ്രതി ഒളിച്ചോടുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ബോധിപ്പിച്ചതായി ജസ്റ്റിസ് സിങ് വ്യക്തമാക്കി.

ഡിസംബർ 11 മുതൽ പ്രതി നിശ്ചൽ ചന്ദക് ജയിലിലാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും നിശ്ചൽ അവകാശപ്പെട്ടു.

ജാമ്യ സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്യില്ലെന്നും അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന വിധിക്ക് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പുതിയ വിവാദ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com