
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ബിഹാർ പാട്ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട്, ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിയലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റുവെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക