ബംഗലൂരുവില്‍ ഏഴു കോടിയുടെ ലഹരിമരുന്ന് പിടികൂടി; 9 മലയാളികളും ഒരു നൈജീരിയന്‍ പൗരനും അറസ്റ്റില്‍
ബംഗലൂരു: ബംഗലൂരുവില്‍ മൂന്നിടങ്ങളില്‍ നിന്നായി ഏഴു കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. രണ്ടു കേസുകളിലായി ഒമ്പതു മലയാളികള്‍ അറസ്റ്റിലായി. മയക്കുമരുന്ന് ഇടനിലക്കാരനായ നൈജീരിയന്‍ പൗരനും പിടിയിലായിട്ടുണ്ട്. നൈജീരിയന്‍ പൗരനില്‍ നിന്നും രണ്ടു കോടി രൂപ വില മതിക്കുന്ന എംഡിഎംഎ കണ്ടെടുത്തു.
ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നൈജീരിയന്‍ പൗരനെ, എംഡിഎംഎ ക്രിസ്റ്റലുകള്‍ സഹിതം ബംഗലൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് പിടികൂടിയത്. തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് വെയിങ് സ്‌കെയില്‍, മൊബൈല്‍ഫോണ്‍, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
2012 ല്‍ ബിസിനസ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. കോളജ് വിദ്യാര്‍ത്ഥികളെയും നഗരത്തിലെ ഐടി, ബിടി മേഖലകളിലെ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഗ്രാമിന് 20,000 വരെ വിലയ്ക്ക് ഇയാള്‍ ലഹരിവസ്തുക്കള്‍ വിറ്റിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് വ്യാജരേഖ നിര്‍മ്മിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ തങ്ങിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് സിറ്റി, യെലഹങ്ക, ന്യൂ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മലയാളികളെ പിടികൂടിയത്. ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിയില്‍ വെച്ച് മലയാളി എഞ്ചിനീയര്‍ ജിജോ പ്രസാദ് അറസ്റ്റിലായി. സിവില്‍ എഞ്ചിനീയറായ ഇയാളെ പിടികൂടുമ്പോള്‍ കൈവശം ഒരു കിലോ 50 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നതായി സിറ്റി ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇയാളുടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. കൂടാതെ 25 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ സൂക്ഷിച്ചിരുന്നതായും സിറ്റി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗ്രാമിന് 12000 രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. കേരളത്തില്‍ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കി മൊഴി. ഇയാളുടെ മൊബൈല്‍ അടക്കം പിടിച്ചെടുത്ത് വിശദമായ പരിശോധന നടത്തിവരികയാണ്.
110 ഗ്രാം എംഡിഎംഎയുമായിട്ടാണ് എട്ടു മലയാളി യുവാക്കളെ പിടികൂടിയത്. യെലഹങ്ക, ന്യൂ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 10 മൊബൈല്‍ ഫോണുകളും രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കണ്ണികളെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബംഗലൂരു സിറ്റി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക