
ന്യൂഡല്‍ഹി: അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തിയ ഇന്ത്യാക്കാരെ വിലങ്ങണിയിച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്. ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച് അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടിട്ട് ഇന്ത്യക്കാരനെന്ന നിലയില്‍ ദുഃഖം തോന്നുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
2013 ഡിസംബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ കൈ വിലങ്ങ് അണിയിച്ച് വസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവം ഓര്‍മ്മ വരുന്നു. സംഭവത്തില്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി സുജാത സിങ് യുഎസ് അംബാസഡര്‍ നാന്‍സി പവലിനെ വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവയാനി ഖോബ്രഗഡെയോട് അമേരിക്ക ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.
ആ സംഭവത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. അന്ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി മുതിര്‍ന്ന നേതാക്കളായ മീരാകുമാര്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, രാഹുല്‍ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചു. അമേരിക്കയുടെ നടപടിയെ നിര്‍ഭാഗ്യകരം എന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടത്. പ്രതിഷേധസൂചകമായി യുഎസ് എംബസിക്ക് നല്‍കിയിരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഇന്ത്യ പിന്‍വലിച്ചുവെന്നും പവന്‍ ഖേര പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ 104 പേരെയാണ് അമൃത്സറിലെത്തിച്ചത്. ഇവരില്‍ 79 പുരുഷന്മാരും 25 വനിതകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് പുറപ്പെട്ട സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 നാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.സംഘത്തില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുള്ളവരുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക