രണ്‍ബീര്‍ അല്ലാബാഡിയ സുപ്രീംകോടതിയില്‍, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ മാപ്പപേക്ഷിച്ച് വിഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധങ്ങളടങ്ങിയില്ല. മുംബൈ പൊലീസും അസം പൊലീസും രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Ranbir Allahabadia
രണ്‍ബീര്‍ അല്ലാബാഡിയ ഇന്‍സ്റ്റഗ്രാം
Updated on

ന്യൂഡല്‍ഹി: യൂട്യൂബ് ചാനലിലെ ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കേസെടുത്തതിനെതിരെ സോഷ്യല്‍ മീഡിയം താരം രണ്‍ബീര്‍ അല്ലാബാഡിയ സുപ്രീം കോടതിയില്‍. വിവിധ സംസ്ഥാനങ്ങളിലായി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അല്ലാബാഡിയ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ രണ്ടോ മൂന്നോ ദിവസത്തിനകം പരിഗണനയ്ക്കു വരുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായ രണ്‍വീര്‍, മത്സരാര്‍ഥികളോട്അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി. ഇതു വ്യാപക ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ, അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നെന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ, എന്നാണ് മത്സരാര്‍ഥികളോട് രണ്‍വീര്‍ ചോദിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ മാപ്പപേക്ഷിച്ച് വിഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധങ്ങളടങ്ങിയില്ല. മുംബൈ പൊലീസും അസം പൊലീസും രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

രണ്‍വീറിനെ ചോദ്യം ചെയ്യാന്‍ അസം പൊലീസ് കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. ഷോയ്‌ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. ഷോയുടെ ആറ് എപ്പിസോഡുകളില്‍ ഭാഗമായിരുന്നു 40 ഓളം പേര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. ഇതോടെ ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്തു. എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി. നിലവില്‍ രണ്‍വീര്‍ അലഹബാദിയ പരിപാടികളുമായി ബന്ധപ്പെട്ട് യുഎസിലാണ്. റെയ്‌ന ഉള്‍പ്പെടെയുള്ള മറ്റുള്ളവരോട് നാല് ദിവസത്തിനകം അസം പൊലീസിന് മുന്നില്‍ ഹാരജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com