
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് തമിഴ് ഭാഷ സംരക്ഷണ പോരാട്ടങ്ങള്‍ക്കും ഹിന്ദി ഭാഷാ വിരുദ്ധ നിലപാടുകള്‍ക്കും. സെക്കന്‍ഡറി ക്ലാസില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയ 1937 ലെ മദ്രാസ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ തുടങ്ങി മോദി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ എത്തിനില്‍ക്കുകയാണ് ഈ ഭിന്നത.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഡിഎംകെ നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആരോപണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഭിന്നത കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് എത്തിക്കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ നയത്തിന് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. പൊതു പരിപാടികളില്‍ ഉള്‍പ്പെടെ അദ്ദേഹം ഭാഷാ സംരക്ഷണ നിലപാട് ആവര്‍ത്തിച്ച് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ത്രിഭാഷാ ഫോര്‍മുല അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറാവണം എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നിലപാടാണ് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.
ത്രിഭാഷ നയം എന്ത്
ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം. 1968 ല്‍ നടപ്പാക്കിയ സമാനമായ നയം തമിഴ്‌നാട്ടില്‍ നടപ്പാക്കിയിരുന്നില്ല.
വാക്ക്പോരും, നിലപാടുകളും
തമിഴ്‌നാട്ടില്‍ പ്രാബല്യത്തിലുള്ള ദ്വിഭാഷാ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണമാണ് ഭിന്നത രൂക്ഷമാക്കിയത്. തമിഴ് - ഇംഗ്ലീഷ് ഫോര്‍മുലയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ത്രിഭാഷാ നയം അത്യാവശ്യമാണ് എന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ പരാമര്‍ശം. ഫെബ്രുവരി 15ന് വാരണാസിയില്‍ നടന്ന ചടങ്ങളിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചില സംസ്ഥാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് ത്രിഭാഷാ നയത്തെ എതിര്‍ക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ത്രിഭാഷാ നയത്തെ പിന്തുടരാന്‍ തമിഴ്‌നാട് തയ്യാറാകണം എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന കേന്ദ്ര മന്ത്രിയുടെ പരാര്‍ശത്തോട് പ്രതികരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാര്‍ നീക്കം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമം ആണെന്ന് കുറ്റപ്പെടുത്തി. വിദ്യാഭ്യാസ നിലവാരം എന്ന വാദം ഉയര്‍ത്തി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്ന് നേരിട്ട് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. അതിനാല്‍ പിന്‍വാതിലൂടെ നയം ഒളിച്ചു കടത്താനാണ് ശ്രമം എന്നും സ്റ്റാലിന്‍ ആരോപിക്കുന്നു.
കൊമ്പുകോര്‍ത്ത് കേന്ദ്രവും തമിഴ്‌നാടും
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കിലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുക ആണെന്നും സ്റ്റാലിന്‍ പറയുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യക്തമാക്കിയും സമഗ്ര ശിക്ഷ ഫണ്ട് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
തമിഴ്‌നാട് ഒരുഭാഷയ്ക്കും എതിരല്ല, എന്നാല്‍ പലകാരണങ്ങളാല്‍ എന്‍ ഇ പിയെ ഞങ്ങള്‍ എതിര്‍ക്കുന്നു. പിന്തിരിപ്പന്‍ ആശങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വയക്കുന്നത്. അത് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റുന്ന നിലയുണ്ടാക്കും. എസ്സി/എസ്ടി, പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്ന നിലയുണ്ടാകും.
മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ പൊതു പരീക്ഷകള്‍ നടത്താനും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനും എന്‍ ഇപി ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.
എന്‍ഇപി നടപ്പാക്കാന്‍ 2000 കോടി അനുവദിക്കും എന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ 10000 കോടി അനുവദിച്ചാലും എന്‍ ഇ പി നടപ്പാക്കാന്‍ തയ്യാറല്ല. തമിഴ്‌നാടിനെ രണ്ടായിരം വര്‍ഷം പിന്നോട്ടടിക്കുന്ന നയങ്ങളാണ് എന്‍ഇപി ശുപാര്‍ശ ചെയ്യുന്നത് എന്നും സ്റ്റാലിന്‍ ആരോപിക്കുന്നു.
യുവാക്കളുടെ ഭാവിയെ കരുതി രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്റ്റാലിന്റെ ആരോപണങ്ങളോട് പ്രതികരിച്ചത്. എന്‍ ഇ പി നടപ്പില്‍ വരുന്നതോടെ രാജ്യത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ മുന്നേറും. ആഗോള - പാന്‍ ഇന്ത്യന്‍ നിലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉയരും. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ എന്‍ഇപി നടപ്പാക്കിയിട്ടുണ്ട്. അവസങ്ങളുടെ വലിയ സാധ്യത തിരിച്ചറിഞ്ഞാണ് ഈ സര്‍ക്കാരുകള്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത് വിദ്യാഭ്യാസ നയമാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം. 1968, 1986 എന്നിവയുടെ ചുവടുപിടിച്ചാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖല കൂടുതല്‍ വൈദഗ്ധ്യാധിഷ്ഠിതവും, സാംസ്‌കാരിക സമ്പന്നവുമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ത്രിഭാഷാ ഫോര്‍മുല വിദ്യാര്‍ത്ഥികളെ മൂന്ന് ഭാഷകള്‍ സ്വായത്തമാക്കാന്‍ പ്രോത്സാഹിപ്പിണം. മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യന്‍ ഭാഷയായിരിക്കണം. എന്നാല്‍ ഒരെണ്ണം ഹിന്ദിയാകണം എന്ന് നിര്‍ബന്ധമാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക