രണ്ട് പിഞ്ചു മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി; ഐടി ജീവനക്കാരനും ഭാര്യയും ആത്മഹത്യ ചെയ്തു
ബംഗളൂരു: രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം ഐടി ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഐടി ജീവനക്കാരന്‍ അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35), ഇവരുടെ അഞ്ച് വയസ്സുള്ള മകള്‍ അനുപ്രിയ, രണ്ട് വയസ്സുള്ള മകന്‍ പ്രിയാംശ് എന്നിവരെയാണ് ബംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപും ഭാര്യയും കഴിഞ്ഞ എട്ട് വര്‍ഷമായി ബംഗളുരുവിലെ ആര്‍എംവി സെക്കന്റ് സ്റ്റേജിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതിയില്‍ ദമ്പതികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് വീട്ടുജോലിക്കാരി പൊലീസിന് മൊഴി നല്‍കി.
ശനിയാഴ്ച രാത്രി വരെ കുടുംബം സാധാരണ നിലയിലും സന്തോഷത്തോടെയുമായിരുന്നുവെന്ന് വീട്ടുജോലിക്കാരി പറഞ്ഞു. വരുന്നയാഴ്ച പോണ്ടിച്ചേരിക്ക് പോകുന്നതായി അറിയിച്ചിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. വീട്ടില്‍ അതിനായി ബാഗുകള്‍ പായ്ക്ക് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തി വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വീട് തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂത്തമകളുടെ ആരോഗ്യപ്രശ്‌നം മൂലമുള്ള വിഷാദമാകാം കൂട്ടമരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക