സ്ത്രീയ്ക്ക് അമ്മയാകുന്നതിന് ബുദ്ധിക്കുറവ് തടസമല്ല: ബോംബെ ഹൈക്കോടതി

പെണ്‍കുട്ടിക്ക് ശരാശരിയില്‍ താഴെയുള്ള 75 ശതമാനം ഐക്യു ആണ് ഉള്ളത്
BOMBAY HIGH COURT
ബോംബെ ഹൈക്കോടതിഎഎന്‍ഐ
Updated on

മുംബൈ: ഒരു സ്ത്രീയ്ക്ക് ബുദ്ധിക്കുറവുണ്ടെന്ന് വെച്ച് അമ്മയാകുന്നതിന് തടസമില്ലെന്ന് ബോംബെ ഹൈക്കോടതി. മാനസിക ആരോഗ്യമില്ലെന്നും അവിവാഹിതയുമാണെന്ന് ചൂണ്ടിക്കാട്ടി 21 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 27 വയസുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ആര്‍ വി ഗുഗെ, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പെണ്‍കുട്ടിക്ക് ശരാശരിയില്‍ താഴെയുള്ള 75 ശതമാനം ഐക്യു ആണ് ഉള്ളത്. കഴിഞ്ഞയാഴ്ച ജെജെ ആശുപത്രിയില്‍ നടത്തിയ ടെസ്റ്റ് പ്രകാരം സ്ത്രീ മാനസികമായി ആരോഗ്യമില്ലാത്തവളോ രോഗിയോ അല്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഐക്യു ലെവല്‍ ശരാശരിയിലും താഴെയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ മാതാപിതാക്കല്‍ അവള്‍ക്ക് കൗണ്‍സിലിങോ ചികിത്സയോ ഒന്നും നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റിയാണുള്ളതെന്നും പറയുന്നു. എന്നാല്‍ ഈ കാരണങ്ങളൊന്നും ഒരു അമ്മയാകാന്‍ തടസമല്ലെന്ന് കോടതി വ്യക്തമാക്കി.

ഗര്‍ഭസ്ഥ ശിശുവില്‍ അസാധാരണത്വങ്ങളൊന്നുമില്ലെന്നും ഗര്‍ഭം തുടരാന്‍ സ്ത്രീക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ആര്‍ക്കും അതിബുദ്ധിമാനാകാന്‍ കഴിയില്ല. എല്ലാവരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യത്യസ്ത തലത്തിലുള്ള ബുദ്ധിയുണ്ടെന്നും കോടതി പറഞ്ഞു. ശരാശരിയില്‍ താഴെ ബുദ്ധിശക്തിയുള്ളവര്‍ക്ക് മാതാപിതാക്കളാകാന്‍ അവകാശമില്ലെന്ന് പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ കാരണക്കാരനായ പുരുഷനെ കണ്ടെത്താനും അയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് മാതാപിതാക്കളോട് ചോദിക്കാനും കോടതി ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ അതിനായി മുന്‍കൈ എടുക്കണമെന്നും കോടതി പറഞ്ഞു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ദത്തെടുത്തതാണ്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ ശരിയായി നോക്കിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com