'പരീക്ഷാഭയം', സംശയിക്കാതിരിക്കാന്‍ സ്വന്തം വിദ്യാലയം ഒഴിവാക്കി; ഡല്‍ഹിയെ ആഴ്ചകളോളം മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി മുഴക്കിയത് വിദ്യാര്‍ഥി

ഡല്‍ഹിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ എന്ന് കണ്ടെത്തി
Class 12 Student Detained Over Series Of Bomb Threats To Delhi Schools
ബോംബ് ഭീഷണിയെ തുടർന്ന് സ്കൂളിൽ നിന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന രക്ഷകർത്താവ്ഫയൽ/പിടിഐ
Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ എന്ന് കണ്ടെത്തി. പരീക്ഷാഭയം മൂലം പരീക്ഷകള്‍ റദ്ദാക്കാന്‍ നിരവധി സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു.

രാജ്യതലസ്ഥാനത്തെ നിരവധി സ്‌കൂളുകളിലേക്കായിരുന്നു തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇത് അധികൃതരേയും രക്ഷിതാക്കളേയും പരിഭ്രാന്തിയിലാക്കിയിരുന്നു. ഒടുവില്‍ പിന്നില്‍ പ്രവര്‍ത്തിച്ച 12-ാം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ താനാണ് മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞത് ആറ് തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഇ-മെയിലുകള്‍ അയച്ചിട്ടുണ്ട്. ഓരോ തവണയും സ്വന്തം സ്‌കൂള്‍ ഒഴികെയുള്ള വിദ്യാലയങ്ങളിലേക്കായിരുന്നു ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഒരു തവണ 23 സ്‌കൂളുകള്‍ക്ക് വരെ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരീക്ഷ എഴുതാതിരിക്കാനാണ് കുട്ടി ഇത്തരത്തില്‍ ബോംബ് ഭീഷണി പദ്ധതിയുമായിട്ട് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

നേരത്തെ മൂന്ന് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇ-മെയിലുകള്‍ അയച്ചത് അവിടുത്തെ തന്നെ വിദ്യാര്‍ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 23 ഓളം സ്‌കൂളുകളിലേക്ക് ഇ-മെയില്‍ ഭീഷണി അയച്ച വിദ്യാര്‍ഥിയെ പിടികൂടിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇത്തരം ഡസന്‍ കണക്കിന് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ബോംബ് സ്‌ക്വാഡും സ്നിഫര്‍ നായ്ക്കളും ക്യാമ്പസുകള്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചത് മൂലം കുട്ടികള്‍ക്ക് നിരവധി പഠനദിനങ്ങളാണ് നഷ്ടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com