വഴിയരികില്‍ കെട്ടിയിട്ട മൂന്നു പശുക്കളുടെ അകിട് മുറിച്ചു, ബംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ: പ്രതി അറസ്റ്റിൽ

ബിഹാര്‍ സ്വദേശിയായ 30 കാരന്‍ ഷെയ്ഖ് നസ്രു എന്നയാളാണ് അറസ്റ്റിലായത്
Man arrested for severing udders of three cows in Bengaluru
ഷെയ്ഖ് നസ്രു ഫോട്ടോ: എക്സ്പ്രസ്
Updated on

ബംഗളൂരു: കര്‍ണാടകയില്‍ കലാപത്തിന്റെ വക്കോളമെത്തിയ പശുക്കളുടെ അകിട് മുറിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ ചംപാരന്‍ സ്വദേശിയായ 30 കാരന്‍ ഷെയ്ഖ് നസ്രു എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ചാമരാജ്‌പേട്ടിലെ വിനായകനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രതി മൂന്ന് പശുക്കളുടെ അകിട് മുറിച്ചത്. മദ്യലഹരിയിലാണ് സയിദ് നസ്രു കുറ്റകൃത്യം നടത്തിയത്. പരിക്കേറ്റ് പശുക്കള്‍ അപകടനില തരണം ചെയ്തതായും ഡിസിപി (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു. പ്രതി സംഭവസ്ഥലത്തിനടുത്തുള്ള പ്ലാസ്റ്റിക്, ക്ലോത്ത് നിര്‍മ്മാണ ശാലയില്‍ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു.

റോഡരികില്‍ കെട്ടിയിട്ട നിലയില്‍ രക്തത്തില്‍ കുളിച്ച് പശുക്കള്‍ കിടന്നിരുന്നത്. പ്രദേശവാസിയായ കര്‍ണ എന്നയാളുടെ പശുക്കള്‍ക്കാണ് പരിക്കേറ്റത്. പശുക്കളുടെ അകിട് മുറിച്ച സംഭവം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിജെപിയും സംഘപരിവാറും വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ 'കറുത്ത സംക്രാന്തി' ആചരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ, എത്രയും വേഗം പ്രതിയെ കണ്ടെത്താന്‍ ബംഗളൂരു പൊലീസ് കമ്മീഷണര്‍ ദയാനന്ദയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക, പശുക്കളുടെ അകിട് മുറിച്ചത് 'ജിഹാദി മനോഭാവ'ത്തിന്റെ തെളിവാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com