
ബംഗളൂരു: വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് മെഡിക്ലെയിം റീ ഇംബേഴ്‌സ്‌മെന്റ് ആയി ലഭിക്കുന്ന തുക അപകട നഷ്ടപരിഹാരത്തുകയില്‍നിന്നു കുറയ്ക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ ചെലവുകള്‍ക്കും ആശുപത്രി വാസത്തിനും ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി ലഭിക്കുന്ന മെഡിക്ലെയിം ഉണ്ടെങ്കില്‍ ആ തുക കിഴിച്ച് അപകട നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസ് ഹഞ്ചാതെ സഞ്ജീവ് കുമാറിന്റെ ഉത്തരവ്.
എസ് ഹനുമന്തപ്പ എന്നയാളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇയാളുടെ കുടുംബത്തിന് 4,93,839 രൂപയും 6 ശതമാനം വാര്‍ഷിക പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ബെഞ്ച് നിര്‍ദേശിച്ചു.
ബംഗളൂരുവിലെ മാറത്തഹള്ളിയില്‍ താമസിക്കുന്ന ഹനുമന്തപ്പ 2008 ഡിസംബര്‍ 10ന് ലെപാക്ഷിയില്‍ നിന്ന് സേവാ മന്ദിര്‍ ഗ്രാമത്തിലേയ്ക്ക് മടങ്ങുമ്പോഴാണ് റോഡപകടം ഉണ്ടാകുന്നത്. ഒരു ഓട്ടോറിക്ഷ ഹനുമന്തപ്പയുടെ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഹനുമന്തപ്പയ്ക്കും ഭാര്യയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
സംഭവത്തില്‍ ഹിന്ദുപൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണിലെ സമീപിച്ചതിനെത്തുടര്‍ന്ന് ഹനുമന്തപ്പയ്ക്ക് 6,73,839 രൂപ നഷ്ടപരിഹാരം വിധിച്ചു. ഇതില്‍ ചികിത്സാ ചെലവുകള്‍ക്കായുള്ള 5,24,639 രൂപയും ഉള്‍പ്പെടുന്നുണ്ട്. ഹനുമന്തപ്പയ്ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ് ഇനത്തില്‍ 1.8 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഈ തുക കിഴിച്ചുള്ള പണം ആറു ശതമാനം പലിശ സഹിതം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക