ബോളിവുഡില്‍ ആസ്തിയില്‍ മുന്‍പില്‍; ആഡംബര വീടുകളില്‍ പട്ടൗഡി പാലസും; സെയ്ഫ് അലി ഖാനായി പ്രാര്‍ത്ഥനയില്‍ ആരാധകര്‍
മുംബൈ: സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍ കുത്തേറ്റ സംഭവത്തില്‍ ഞെട്ടലിലാണ് ബോളിവുഡ്. ബോളിവുഡില്‍ ഏറ്റവും ആസ്തിയുള്ള നടനാണ് താരം. താരത്തിന്റെ വസതിയില്‍ നിരവധി സുരക്ഷാ ജീവനക്കാരും ഉണ്ട്, പിന്നെ എന്തുകൊണ്ട് മോഷണ ശ്രമമുണ്ടായി? സുരക്ഷാ ജീവനക്കാരെ മറികടന്ന് താരത്തിന് എങ്ങനെ കുത്തേറ്റു. തുടങ്ങിയ സംശയങ്ങളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്.
സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികള്‍ക്കുള്ളത്. അതില്‍ ഇരുവരുടെയും ഇഷ്ടവസതിയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ ആഡംബരവീട്. ഇവിടെയാണ് മോഷണ ശ്രമം നടന്നതും താരത്തിന് കുത്തേറ്റതും.
കരീനയ്ക്ക് ഏറെ പ്രിയമുള്ള വസതിയായതിനാല്‍ ദമ്പതികള്‍ ഏറെസമയവും ബാന്ദ്രയിലുള്ള വസതിയിലാണ് താമസിക്കുക. ക്ലാസിക് കൊളോണിയല്‍ ശൈലി പിന്തുടര്‍ന്നാണ് നിര്‍മാണം. തടികൊണ്ടുള്ള ഫര്‍ണിച്ചറുകളും വിശാലമായ സ്വിമ്മിങ് പൂളും ഇന്‍ഡോര്‍ പ്ലാന്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രൗഢമായ ഇന്റീരിയറാണ് വീടിനുള്ളത്.
സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനായി വീട്ടിലുടനീളം വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്. ഇളംനിറങ്ങളാണ് അകത്തളങ്ങളില്‍. തടികൊണ്ട് നിര്‍മ്മിച്ച ബുക്ക് ഷെല്‍ഫുകളുള്ള വലിയ ലൈബ്രറിയാണ് മറ്റൊരു കാഴ്ച. ഇതിനു പുറമേ പലപ്പോഴായി താരങ്ങള്‍ സ്വന്തമാക്കിയ ആന്റിക് വസ്തുക്കളും ആര്‍ട്ട് വര്‍ക്കുകളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെ വീടുകളില്‍ എടുത്തു പറയേണ്ടതാണ് പട്ടൗഡി കൊട്ടാരമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പട്ടൗഡി പാലസ് സ്ഥിതിചെയ്യുന്നത്. പരമ്പരാഗതമായി കൈമാറി വന്ന ഈ ആഡംബര ബംഗ്ലാവിന് റിപ്പോർട്ടുകൾ പ്രകാരം 800 കോടി രൂപ വിലമതിപ്പുണ്ട്.
ഇവിടുത്തെ പുല്‍ത്തകിടിയും ഇടനാഴികളുമെല്ലാം ആനിമലിലെ പല സുപ്രധാനരംഗങ്ങളിലും കാണാന്‍ സാധിക്കും. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം.
പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ആഡംബര ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീട് 2014-ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണമായ അവകാശം തിരികെ നേടിയെടുത്തു.പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെ മുറ്റത്ത് വിശാലമായൊരു നീന്തല്‍ക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
നിലവില്‍ കുടുംബത്തിന്റെ അവധിക്കാല വസതിയാണ് പട്ടൗഡി പാലസ്. ഫര്‍ണിഷിങ്ങിലും അലങ്കാരങ്ങളിലും രാജകീയത നിറഞ്ഞുനില്‍ക്കുന്ന 150ലേറെ മുറികള്‍ ഇവിടെയുണ്ട്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ പാലസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ കൂസല്‍, കാള്‍ മോള്‍ട്ട്, വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിട്ടെക്റ്റുമാരായിരുന്നു. ഏറ്റവും വിലമതിപ്പുള്ള വീടുള്ള ബോളിവുഡ് താരവും പട്ടൗഡി പാലസിന്റെ ഉടമയായ സെയ്ഫ് അലി ഖാനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക