
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. 2018ല്‍ ബിജെപി പ്രവര്‍ത്തകന്‍ നവീന്‍ ഝാ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആക്രമിക്കപ്പെട്ട വ്യക്തിക്ക് മാത്രമേ ക്രിമിനല്‍ മാനനഷ്ട പരാതി നല്‍കാനാകൂയെന്നും മൂന്നാംകക്ഷിക്ക് പരാതി നല്‍കാനാവില്ലെന്നും തെളിയിക്കുന്ന നിരവധി വിധിന്യായങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.
പരാതിക്കാരനായ നവീന്‍ ഝായ്ക്കും ഝാര്‍ഖണ്ഡ് സര്‍ക്കാരിനും മറുപടി നല്‍കാന്‍ കോടതി നാലാഴ്ച സമയം അനുവദിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. അമിത് ഷായെ കൊലപാതക പ്രതി എന്ന് വിളിച്ചതായി ആരോപിച്ച് നവീന്‍ ഝാ 2018ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക