വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തു

പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി
waqf amendment bill
വഖഫ് പാർലമെന്ററി സമിതി യോ​ഗം എക്സ്
Updated on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത എംപിമാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു.

കരട് നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പഠിക്കാന്‍ മതിയായ സമയം നല്‍കുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. സമിതി ചെയര്‍മാന്‍ ജഗദാംബികപാല്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചു എന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേഗത്തില്‍ വഖഫ് ഭരണഘടനാ ഭേദഗതി നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com