
ന്യൂഡല്‍ഹി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ വിശ്വഗുരു പദവി നേടുന്നതിന് ഇന്ത്യ സാമ്പത്തിക, വിദേശ, സൈനിക നയങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ സുബ്രഹ്മണ്യന്‍ സ്വാമി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തുന്ന തിങ്ക് എഡ്യൂ കോണ്‍ക്ലേവ് 2025ന്റെ പതിമൂന്നാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയാണ് അദ്ദേഹവുമായുള്ള സംവാദം നടത്തിയത്, വിശ്വഗുരു എന്നത് വേണ്ടത്ര ജ്ഞാനമുള്ളതും മറ്റു രാജ്യങ്ങളുമായി അറിവ് പങ്കിടാന്‍ കഴിവുള്ളതുമായ ഒരു രാഷ്ട്രത്തെയാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളുടെ സുഹൃത്തായ ഒരു വ്യക്തിയെയാണ് വിശ്വബന്ധു എന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗ, ആധുനിക എഞ്ചിനീയറിങിനുള്ള സംഭാവനകള്‍ തുടങ്ങിയ മേഖലകളില്‍ ഇതിനകം തന്നെ ഇന്ത്യ വിശ്വഗുരു പദവി നേടിയിട്ടുണ്ടെന്ന് സ്വാമി വ്യക്കമാക്കി. എന്നാല്‍ രാജ്യം പല കാര്യങ്ങളിലും സാമ്പത്തികമായി അസന്തുലിതാവസ്ഥയിലാണെന്നും നിരവധി മേഖലകളില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈനിക ശക്തിയില്ലാതെ ഇന്ത്യക്ക് വിശ്വഗുരുവാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാലായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ചൈന ഇന്ത്യയില്‍നിന്നു കൈവശപ്പെടുത്തിയത്. അത് അംഗീകരിച്ച് നമ്മള്‍ കരാറും ഒപ്പുവച്ചെന്ന് സ്വാമി പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ നേതൃത്വത്തിനു ക്ഷണം ലഭിച്ചില്ല. അതൊരു നാണക്കേടാണെന്ന് അഭിപ്രായപ്പെട്ട സ്വാമി മോദി സര്‍ക്കാരിന്‍റെ വിദേശ നയത്തെ വിമര്‍ശിച്ചു.
വിശ്വഗുരു പദവി കൈവരിക്കുന്നതിന് ഭാഷ, ജാതി തുടങ്ങിയ വിഭജനങ്ങള്‍ മറികടന്നുള്ള സാമൂഹിക ഐക്യത്തിന്റെ ആവശ്യകത സ്വാമി ഊന്നിപ്പറഞ്ഞു. രാജ്യം 2040 ഓടെ വിശ്വഗുരു പദവി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്ത് ജിഡിപി വളര്‍ച്ച എട്ടു ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ മോദി സര്‍ക്കാരിന്‍റെ കാലത്ത് അത് നാലര ശതമാനമാണെന്ന് സ്വാമി ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക