
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളുടെ സാംസ്കാരിക ഐക്കണുകള്‍ പോലും കാലഹരണപ്പെട്ടെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. തന്തൈപെരിയാറിനെപ്പോലുള്ളവര്‍ക്ക് ഇന്നത്തെ തലമുറയ്ക്കിടയില്‍ പ്രസക്തിയില്ലെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ബദല്‍ സംവാദങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും തമിഴ്‌നാടിന്റെ മഹത്വം പുനഃസ്ഥാപിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ ബിജെപി ശൈശവ ഘട്ടത്തില്‍ നിന്ന് മാറി മുതിര്‍ന്നു കഴിഞ്ഞു. ശക്തമായ അടിത്തറ പണിതു കഴിഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 81 ലക്ഷം വോട്ടു നേടി. 50 ലക്ഷം വോട്ടുകള്‍ സഖ്യമില്ലാതെ സ്വതന്ത്രമായി നേടിയതാണ്. അടുത്തിടെ 48 ലക്ഷം പുതിയ അംഗങ്ങളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും മലിനമായ എട്ട് നദികളില്‍ അഞ്ചെണ്ണം സംസ്ഥാനത്താണെന്നും മദ്യവില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമായി തമിഴ്‌നാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം തുടര്‍ച്ചയായി കടം വാങ്ങുകയാണ്. 1.55 കോടി രൂപയാണ് അടുത്ത കടം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായി കടം വാങ്ങുന്നുണ്ടെങ്കിലും മോശം റോഡുകളും അപര്യാപ്തമായ ക്രമസമാധാനവും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. താഴേത്തട്ടില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ബിജെപിയുടെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക