ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം, സ്ത്രീകള്‍ക്ക് 2500 രൂപ; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷന്‍ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി
Updated on

ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് 2500 രൂപ, ജാതി സെന്‍സസ് തുടങ്ങി വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. എല്‍ജിബിടിക്യൂ സമൂഹത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം തടയുകയും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷന്‍ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

ആം ആദ്മിയുടെ മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന, ബിജെപിയുടെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്ക് സമാനമായി കോണ്‍ഗ്രസ് പ്യാരി ദീദി യോജന പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ ദരിദ്ര കുടുംബങ്ങളിലേയും സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കും.

ഒരു സിലിണ്ടറിന് 500 രൂപ, 5 കിലോ അരി, 2 കിലോ പഞ്ചസാര, 1 കിലോ പാചക എണ്ണ, 6 കിലോ പരിപ്പ്, 250 ഗ്രാം ചായപ്പൊടി എന്നിവ ഉള്‍പ്പെടുന്ന സൗജന്യ റേഷന്‍ കിറ്റും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജാതി സര്‍വേ നടത്തുന്നതിനു തീരുമാനമെടുക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. ക്രീമിലെയര്‍ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി പ്രതിവര്‍ഷം 12 ലക്ഷം രൂപയായി ഉയര്‍ത്തും. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി യുപിഎയുടെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നുള്ള 15 പ്രധാന ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com