'പാർട്ടിയിലും കെജരിവാളിലും വിശ്വാസം നഷ്ടപ്പെട്ടു'- എഎപിയ്ക്ക് വൻ തിരിച്ചടി; 7 എംഎൽഎമാർ രാജിവച്ചു

ഫെബ്രുവരി 5നാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്
7 MLAs Resign
അരവിന്ദ് കെജരിവാള്‍പിടിഐ
Updated on

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടിയ്ക്കു വൻ തിരിച്ചടി. മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 7 എഎപി എംഎൽഎമാർ പാർട്ടി വിട്ടു. പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എംഎൽഎമ്മാരിൽ ചിലർ നേതൃത്വത്തിനു കത്ത് കൈമാറിയാണ് പാർട്ടി വിട്ടത്.

നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൽ ലാൽ (കസ്തൂർബ ന​ഗർ), പവൻ ശർമ (ആർദർശ് ന​ഗർ), ഭാവ്ന ​ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്‍വാസൻ) എന്നിവരാണ് പാർട്ടിയിൽ നിന്നു 5 ദിവസത്തിനിടെ രാജി വച്ചത്. ഫെബ്രുവരി 5നാണ് ഡൽഹി തെരഞ്ഞെടുപ്പ്.

നരേഷ് യാദവിനെ ഖുർ ആനെ അപമാനിച്ച കേസിൽ പഞ്ചാബ് കോടതി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. മെഹ്റൗലിയിൽ നരേഷിനു പകരം മഹേന്ദർ ചൗധരിയെയാണ് എഎപി സ്ഥാനാർഥിയായി തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് നരേഷിന്റെ രാജി. സത്യസന്ധ രാഷ്ട്രീയമെന്ന പാർട്ടി നയത്തിനു ഇടിവു വന്നെന്ന് നരേഷ് അയച്ച കത്തിൽ പറയുന്നു.

പാർട്ടിയിലും കെജരിവാളിലും വിശ്വാസം നഷ്ടമായെന്നു കത്തയച്ചാണ് ഭാവ്ന ​ഗൗഡ് രാജി വച്ചത്. രോഹിത് കുമാർ ഇന്നാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കരാർ അടിസ്ഥാനത്തിലുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന പാർട്ടി വാ​ഗ്ദാനം നടപ്പാക്കിയിലെന്നു രോഹിത് ആരോപിച്ചു.

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എഎപി മിന്നും ജയത്തോടെയാണ് അധികാരത്തിൽ വന്നത്. കന്നി വരവിൽ 70 സീറ്റിൽ 67ഉം പാർട്ടി സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളും അവർ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com