
ലഖ്‌നൗ: മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ ആയി നിയമിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെ കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കി. സന്യാസദീക്ഷ നല്‍കിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെയും കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കിയതായി സ്ഥാപകന്‍ അജയ് ദാസ് അറിയിച്ചു.
മമത കുല്‍ക്കര്‍ണി സന്യാസദീക്ഷ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ കിന്നര്‍ അഖാഡയ്ക്കുള്ളില്‍ തന്നെ വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അഖാഡ സ്ഥാപകന്‍ അജയ് ദാസിന്റെ അനുമതിയില്ലാതെയാണ് ത്രിപാഠി മമത കുല്‍ക്കര്‍ണിക്ക് സന്യാസദീക്ഷ നല്‍കിയതെന്നായിരുന്നു ആരോപണം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കകുയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി.
'കിന്നര്‍ അഖാഡയുടെ സ്ഥാപകന്‍ എന്ന നിലയില്‍, ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ ആചാര്യ മഹാമണ്ഡലേശ്വര്‍ എന്ന സ്ഥാനത്ത് നിന്ന് ഞാന്‍ ഇതിനാല്‍ ഒഴിവാക്കുന്നു. മതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനുമായി അദ്ദേഹത്തിന്റെ നിയമനം നടത്തിയെങ്കിലും ഈ പ്രവൃത്തിയിലുടെ തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വ്യതിചലിച്ചു.' വാര്‍ത്താക്കുറിപ്പില്‍ അജയ് ദാസ് അറിയിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടും മമത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയ നടപടി കിന്നര്‍ അഖാഡയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഇത്തരമൊരു വ്യക്തിക്ക് മഹാമണ്ഡലേശ്വര്‍ എന്ന പദവി നല്‍കുന്നതിലൂടെ, താങ്കള്‍ സനാതന ധര്‍മ്മത്തിന് എന്ത് തരത്തിലുള്ള ഗുരുവിനെയാണ് നല്‍കുന്നതെന്നും അജയ് ദാസ് ചോദിച്ചു. ഈ പദവി നല്‍കിയത് അധാര്‍മികം മാത്രമല്ല, അഖാഡയുടെ മതപരമായ മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും അജയ് ദാസ് പറഞ്ഞു.
ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തില്‍ മുങ്ങിയത്. 52 കാരിയായ മമത 2 വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 25 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.
90കളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയാണ് മമത കുല്‍ക്കര്‍ണി. 2000ത്തിന്റെ തുടക്കം വരെ ബോളിവുഡില്‍ സജീവമായിരുന്നു. 1991ല്‍ തമിഴ് ചിത്രമായ നന്‍പര്‍കള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറി. പിന്നീട് മേരെ ദില്‍ തേരേ ലിയേ, തിരംഗ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയില്‍ ചുവടുറപ്പിച്ചു. പിന്നീട് കൈനിറയെ ചിത്രങ്ങള്‍. ചന്ദാമാമ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. എന്നാല്‍, വിവാഹത്തിന് പിന്നാലെ, പതിയ സിനിമകളില്‍ നിന്ന് അപ്രത്യക്ഷമായി.
2016ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവും അറസ്റ്റിലായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് അറസ്റ്റിലായത്. എന്നാല്‍ കോടതി ഈ കേസ് റദ്ദാക്കി. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന മമത ഏറെക്കാലമായി വിദേശത്തായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക