
ജാംനഗറിലെ വന്‍താര മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഏറെ നേരം വന്യമൃഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. മൃഗശാലയിലെ അതിനൂതന സൗകര്യങ്ങള്‍ വീക്ഷിച്ച പ്രധാനമന്ത്രിയുടെ വിഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഏഷ്യന്‍ സിംഹക്കുട്ടികളുമായും, അപൂര്‍വ ഇനമായ മേഘപ്പുലി കുട്ടിയുമായും, വന്‍താരയില്‍ ജനിച്ച വെളുത്ത സിംഹക്കുട്ടികളുമൊത്ത് മോദി സമയം ചെലവഴിക്കുന്നതും അവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന വിഡിയോയാണ് വൈറലാകുന്നത്.
കണ്ണാടിക്ക് പുറത്തുള്ള സിംഹവും കടുവയുമെല്ലാം മോദിയെ തൊടാന്‍ ശ്രമിക്കുന്നതും പ്രധാനമന്ത്രി അവയെ കണ്ണാടിക്കൂട്ടിന് പുറത്തിരുന്നത് കൗതുകത്തോടെ വീക്ഷിക്കുന്നതും വിഡിയോയില്‍ കാണാം. നിരവധി ഉപയോക്താക്കള്‍ വിഡിയോ ഏറ്റെടുക്കുകയും മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിന് കൈയ്യടിച്ചു.
ഗ്ലാസ് വാതിലിന് പിന്നില്‍ സിംഹവും കടുവയുമായി സമയം ചിലവിടുന്ന വിഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. 'സിംഹത്തോടൊപ്പം സിംഹം' എന്ന അടിക്കുറിപ്പ് നല്‍കി ചിലര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാജാവ് കാട്ടിലെ രാജാവിനൊപ്പം'. എന്നാണ് മറ്റൊരു കമന്റ്.
രണ്ടായിരം ജീവിവര്‍ഗങ്ങളാണ് വന്‍താരയിലുള്ളത്. ഇവയില്‍ ഒന്നരലക്ഷത്തോളം മൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുകയായിരുന്നു. ഇവിടെ മൃഗങ്ങള്‍ക്കായി എംആര്‍ഐ, സിടി സ്‌കാന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വലിയ ആശുപത്രിയുമുണ്ട്. ആശുപത്രിയിലും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ചീറ്റപ്പുലിയെയും ഓപ്പറേഷന്‍ തിയേറ്ററിലെത്തി മോദി കണ്ടു. വൈല്‍ഡ് ലൈഫ് അനസ്തേഷ്യ, കാര്‍ഡിയോളജി, എന്‍ഡോസ്‌കോപി, ഡെന്റിസ്ട്രി, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ആശുപത്രിയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക