
ഭോപാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു. വനിതാ ദിനത്തിലാണ് സ്ത്രീകളുടെ സ്വാഭിമാനം സംരക്ഷിക്കാനുള്ള നടപടികള്‍ ശക്തമാക്കും എന്ന പ്രഖ്യാപനത്തോടെ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മതപരിവര്‍ത്തനത്തിന് വധശിക്ഷ ലഭിക്കും വിധം നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഭോപാലില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'പെണ്‍മക്കളുടെ സംരക്ഷണത്തിനും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകള്‍ക്ക് എതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ഇനി മുതല്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കും വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരും'. എന്നായിരുന്നും മുഖ്യമന്ത്രിയുടെ പ്രതികരണം. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ 2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതപരിവര്‍ത്തനത്തിന് വധ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ പരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഉയരുന്ന വാദം. ' നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിലവിലുള്ള നിയമപ്രകാരം തന്നെ ശിക്ഷാര്‍ഹമാണ്. എന്നാല്‍ മതവരിവര്‍ത്തനത്തിന് മരണ ശിക്ഷ എന്നത് സുപ്രീം കോടതിയുടെ മുന്‍ വിധികളും ഭരണഘടനാ വീക്ഷണങ്ങളും അനുസരിച്ച് സാധ്യമല്ല. ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്താന്‍ ആണ്' എന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ വിവേക് തന്‍ഖ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 സംബന്ധിച്ചും നിരവധി ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. 'ലവ് ജിഹാദ് വിരുദ്ധ' നിയമം എന്ന ഓമനപ്പേരിലാണ് നിലവില്‍ നിയമം അറിയപ്പെടുന്നത്. പ്രലോഭനം, ഭീഷണി, ബലപ്രയോഗം, സ്വാധീനം, നിര്‍ബന്ധം, വിവാഹം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍ എന്നിവയിലൂടെ മതപരിവര്‍ത്തനം (ശ്രമങ്ങളും ഗൂഢാലോചനയും ഉള്‍പ്പെടെ) ജാമ്യമില്ലാത്ത കുറ്റകൃത്യമാക്കി മാറ്റുന്നതാണ് ഈ നിയമത്തെ ചര്‍ച്ചകളില്‍ സജീവമാക്കിയത്. മതപരിവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക