ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ അപകടം സൃഷ്ടിക്കുന്നവരില്‍ പ്രായ പൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. 2023 -24 കാലത്ത് രാജ്യത്താകമാനം 11,890 വാഹനാപകടങ്ങള്‍ക്ക് പിന്നില്‍ പ്രായ പൂര്‍ത്തിയാകാത്തവരായിരുന്നു എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പറയുന്നത്. നിയമം ലംഘിച്ച് കുട്ടികളില്‍ വാഹന ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റോഡ് അപകടങ്ങള്‍ക്ക് ഇടയാക്കിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്‌യ്ക്കുന്നത്.
സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തമിഴ്‌നാടാണ് പട്ടികയില്‍ മുന്നില്‍. 2063 സംഭവങ്ങളാണ് തമിഴ്‌നാട്ടില്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശ് (1138), മഹാരാഷ്ട്ര (1067) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിയന്ത്രിച്ചത് മൂലം യുപിയില്‍ 935 റോഡപകടങ്ങളും ആന്ധ്ര പ്രദേശില്‍ 766 അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നില്‍ ഏഴാം സ്ഥാനമാണ് ഈ പട്ടികയില്‍ കേരളത്തിനുള്ളത്. 645 സംഭവങ്ങളാണ് ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി ഡ്രൈവര്‍മാര്‍ക്ക് എതിരായ നടപടിയില്‍ ബിഹാറാണ് മുന്നില്‍. 1316 സംഭവങ്ങളില്‍ പിഴ ചുമത്തിയതിലൂടെ 44.27 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ഈടാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്താല്‍ രാജ്യത്ത് കുട്ടി ഡ്രൈവര്‍മാര്‍ മൂലം ഒരു ദിവസം ശരാശരി 16 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു എന്നാണ് വിലയിരുത്തല്‍. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 19എ (കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍) പ്രകാരം, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍, പ്രതിയുടെ രക്ഷിതാവോ വാഹന ഉടമയ്ക്കും ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ഇത്തരം സംഭവങ്ങളില്‍ ഇവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതനുസരിച്ച് നടപടിയെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക