ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ പുത്രന്‍ മരിച്ച നിലയില്‍; അന്വേഷണം

ഐടി കമ്പനി ജീവനക്കാരനായ ശ്രീഞ്ജയ് ദാസ്ഗുപ്ത (26)യെയാണ് കൊല്‍ക്കത്ത ന്യൂടൗണിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
Srinjoy Dasgupta, Dilip Ghosh getting married to Rinku Majumdar
ശ്രീഞ്ജയ് ദാസ്ഗുപ്ത -ദിലീപ് ഘോഷ് -റിങ്കു മജൂംദാര്‍ വിവാഹംഎക്‌സ്‌
Updated on

കൊല്‍ക്കത്ത: ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യ റിങ്കു മജൂംദാറിന്റെ ആദ്യവിവാഹത്തിലെ മകനെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഐടി കമ്പനി ജീവനക്കാരനായ ശ്രീഞ്ജയ് ദാസ്ഗുപ്ത (26)യെയാണ് കൊല്‍ക്കത്ത ന്യൂടൗണിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിങ്കു മജൂംദറിന്റെ വിവാഹത്തിന് ശേഷം മകന്‍ ശ്രീഞ്ജയ് ദാസ് ഒറ്റയ്ക്കായിരുന്നു ന്യൂടൗണിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീഞ്ജയ്ക്കൊപ്പം പെണ്‍സുഹൃത്തും ഉണ്ടായിരുന്നു. ഇവരാണ് ശ്രീഞ്ജയ്ക്ക് സുഖമില്ലെന്ന് അറിയിച്ച് റിങ്കു മജൂംദറിനെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് റിങ്കു അപ്പാര്‍ട്ടുമെന്റിലെത്തി മകനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ പാന്‍ക്രിയാറ്റിസിനെ തുടര്‍ന്നാണ് ശ്രീഞ്ജയ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മകന്‍ അസുഖബാധിതനായിരുന്നുവെന്നും ഏറെനാളായി മരുന്ന് കഴിക്കുന്നുണ്ടെന്നും റിങ്കു മജൂംദാര്‍ പ്രതികരിച്ചു. അടുത്തിടെയാണ് ദിലീപ് ഘോഷ് റിങ്കു മജൂംദാറിനെ വിവാഹം ചെയ്തത്.

വിവാഹശേഷം താന്‍ ഫ്ളാറ്റ് മാറിയതോടെ മകന്‍ ശരിയായി ഭക്ഷണമോ മരുന്നോ കഴിക്കാറില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍, അവന്‍ തന്നോട് ഒന്നും പറഞ്ഞില്ല. പക്ഷേ, അവന്‍ അസ്വസ്ഥനായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നതായും റിങ്കു മജൂംദര്‍ പറഞ്ഞു. എന്നാല്‍ അവനെ തന്നോടൊപ്പം കൊണ്ടുപോകാന്‍ അവന്റെ കൂട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവന്‍ അവരെയെല്ലാം എതിര്‍ത്തു. മാതൃദിനത്തില്‍ അവന്‍ തന്നെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഒന്നുകില്‍ മകനെ തന്റെ പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുവരുമെന്നും അല്ലെങ്കില്‍ താന്‍ മകനോടൊപ്പം താമസിക്കുമെന്നും ദിലീപ് ഘോഷിനോട് പറയാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മകന്റെ വേര്‍പാടെന്നും റിങ്കു മജൂംദര്‍ പറഞ്ഞു.

ശ്രീഞ്ജയുടെ മരണത്തില്‍ ദിലീപ് ഘോഷും കടുത്ത ദുഃഖം രേഖപ്പെടുത്തി. ശ്രീഞ്ജയുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നതായും ഇത് തന്റെ ദൗര്‍ഭാഗ്യമാണെന്നും താന്‍ നിര്‍ഭാഗ്യവാനാണെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു. മുന്‍ എംപിയും ബിജെപി ബംഗാള്‍ അധ്യക്ഷനുമായിരുന്ന ദിലീപ് ഘോഷും ബിജെപി വനിതാ നേതാവ് റിങ്കു മജൂംദറും ഏപ്രില്‍ 18-നാണ് വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com