'സ്വയം കെട്ടിയിട്ടാണ് ഉറങ്ങുന്നത്, ഒഴിവ് സമയം പന്തുകളിച്ചു'; കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ശുഭാംശു
തിരുവനന്തപുരം: കുട്ടികളുടെ സംശയങ്ങള്‍ക്ക് ബഹിരാകാശത്തിരുന്ന് മറുപടി നല്‍കി ബരിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെ ഉറങ്ങും? ആലപ്പുഴ തിരുവമ്പാടി എച്ച് എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എസ് നിധിയുടേതായിരുന്നു ചോദ്യം. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28000 കിലോമീറ്റര്‍വേഗത്തില്‍ സഞ്ചരിക്കുന്ന നിലയത്തിലിരുന്നാണ് ശുഭാംശുവിന്റെ മറുപടി , പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കമെന്ന് മറുപടിയും കൊടുത്തു.
തിരുവനന്തപുരം വിഎസ്എസ്സി സംഘിപ്പിച്ച പരിപാടിയിലാണ് 150 കുട്ടികള്‍ തല്‍സമയം ശുഭാംശുവുമായി സംവദിച്ചത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച 2.30 മുതല്‍ പത്തുമിനിറ്റു സമയമാണ് കിട്ടിയത്. കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്കുപുറമേ ശുഭാംശു പഠിച്ച ലഖ്‌നൗ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ വിഎസ്എസ്സി ശാസ്ത്രജ്ഞനായ വി ടി റോബിനാണ് ഹാംറേഡിയോയും വീഡിയോവാളും ചേര്‍ന്ന സംവിധാനത്തിലൂടെ ശുഭാംശുവിനോട് ചോദിച്ചത്.
ആറ്റിങ്ങല്‍ ഗവ. മോഡല്‍ വിആന്‍ഡ് എച്ച്എസ്എസിലെ ഋഷിദേവ് കേരളത്തില്‍നിന്നു കൊണ്ടുപോയ നെല്‍വിത്തുകളെക്കുറിച്ച് ചോദ്യം നല്‍കിയിരുന്നെങ്കിലും സമയപരിമിതി കാരണം ഉത്തരം ലഭിച്ചില്ല.
കുട്ടികളുടെ ചോദ്യങ്ങളും ശുംഭാംശുവിന്റെ ഉത്തരവും....
അവിടെയെത്തിയപ്പോഴുണ്ടായ മാനസികസമ്മര്‍ദം എന്തൊക്കെയായിരുന്നു?
പരിശീലനം ലഭിച്ചിരുന്നെങ്കിലും ബഹിരാകാശനിലയത്തിലെത്തിയ ആദ്യ 15 മിനിറ്റ് ഞങ്ങള്‍ നിശബ്ദരായിപ്പോയി. പതിയെ പൊരുത്തപ്പെട്ടു. ഒറ്റപ്പെടലാണ് വെല്ലുവിളി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അസാന്നിധ്യം അനുഭവിക്കുന്നുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള്‍ എങ്ങനെ തരണം ചെയ്യും?
സീറോ ഗ്രാവിറ്റിയായതിനാല്‍ എല്ലുകള്‍ക്കും പേശികള്‍ക്കും അപകടമാണ്. പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ബാന്‍ഡ് ഉപയോഗിച്ചുള്ള വ്യായാമം, സൈക്ലിങ്, സ്ട്രച്ചിങ് തുടങ്ങിയവ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കും.
ഒഴിവുസമയങ്ങളില്‍ എന്തുചെയ്യും?
ഒഴിവുസമയം കുറവാണ്. എന്നാലും ഞങ്ങളിവിടെ ചെറിയ പന്തുപയോഗിച്ച് കളിക്കാറുണ്ട്. ഇടയ്ക്ക് ഞാന്‍ യോഗ ചെയ്യും. പിന്നെ വ്യൂപോയിന്റിലൂടെ ഭൂമിയെ നോക്കും. അത് വല്ലാതെ വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്.
അസുഖം വന്നാല്‍ എന്തുചെയ്യും ?
മരുന്നുകളൊക്കെ കരുതിയിട്ടുണ്ട്. പ്രാഥമികചികിത്സയ്ക്കുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. വരുന്ന വഴിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ എന്തെങ്കിലും സംഭവിച്ചാല്‍ പേടകം തിരികെയിറക്കുമായിരുന്നു.
ലോഞ്ചിങ് എങ്ങനെയായിരുന്നു?
അതുഗ്രന്‍ അനുഭവമായിരുന്നു. തിരികെ ഭൂമിയില്‍ വന്നിറങ്ങുമ്പോള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കും.
Shubhanshu Shukla answered children's questions from space
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates