
ചെന്നൈ: പ്രത്യേക ജാതിയിലോ മതത്തിലോ വിശ്വാസമില്ലാത്തവര്‍ ആവശ്യപ്പെടുന്ന പക്ഷം 'നോ കാസ്റ്റ് നോ റിലീജിയന്‍' സര്‍ട്ടിഫിക്കറ്റ് ( ‘no caste, no religion’ certificate ) നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ( Madras High Court ). റവന്യൂ അധികാരികള്‍ക്ക് മുമ്പാകെ ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് 'ജാതിയില്ല, മതമില്ല' സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് (ജി.ഒ.) പുറപ്പെടുവിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുപ്പത്തൂര്‍ ജില്ലക്കാരനായ എച്ച് സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം എസ് രമേശ്, എന്‍ സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തന്റെ കുടുംബത്തിന് നോ കാസ്റ്റ് നോ റിലീജിയന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കണണെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ സിംഗിള്‍ ബെഞ്ച് സന്തോഷിന്റെ ആവശ്യം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
രണ്ട് കുട്ടികളുടെ പിതാവാണ് സന്തോഷ്. താനോ തന്റെ മക്കളോ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ എന്തെങ്കിലും സര്‍ക്കാര്‍ സഹായം വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരത്തില്‍ സഹായം തേടാന്‍ താല്‍പ്പര്യമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സന്തോഷ് വ്യക്തമാക്കി. ജാതി, മത മുക്തമായ സമൂഹത്തില്‍ മക്കളെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സന്തോഷ് പറയുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച്, ഒരു മാസത്തിനകം ഹര്‍ജിക്കാരന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് തിരുപ്പത്തൂര്‍ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കി. ഇതേ ആവശ്യവുമായി എത്തുന്ന യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് അധികാരം നല്‍കി ഉത്തരവിടാന്‍ സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടന നിരോധിക്കുമ്പോഴും, സംവരണ നയത്തിലൂടെ സാമൂഹ്യ ജീവിതത്തിലും വിദ്യാഭ്യാസത്തിലും തൊഴില്‍രംഗത്തും ജാതിയും മതവും പ്രത്യേക പങ്കുവഹിക്കുന്നതായി കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്റെ നീക്കം സാമൂഹിക സമത്വം കൊണ്ടുവരുന്നതിന് സഹായിക്കും. സമാന മനസ്‌കരുടെ കണ്ണുതുറപ്പിക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാകില്ലെന്ന തഹസില്‍ദാരുടെ വാദം തള്ളിയ കോടതി തിരുപ്പത്തൂര്‍, കോയമ്പത്തൂര്‍, അമ്പത്തൂര്‍ എന്നിവിടങ്ങളിലെ തഹസില്‍ദാര്‍മാര്‍ മുമ്പ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ തിരിച്ചറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരുടെ മനസ്സാക്ഷിയെ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാറിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates