
ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ ( Air India plane crash ) രണ്ടാമത്തെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്. വിമാനപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡരില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ പി കെ മിശ്രയാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ' കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (സിവിആര്‍) ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എഫ്ഡിആര്‍) കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ വിമാനം തകര്‍ന്ന് ഒരു ദിവസത്തിന് ശേഷം വെള്ളിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
വിമാനാപകടം സംബന്ധിച്ച് എഎഐബി വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി)യും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് നടപടി. വിമാനം അമേരിക്കന്‍ നിര്‍മ്മിതമായതിനാല്‍ ആണ് ഇത്തരം ഒരു നടപടിയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
അതേസമയം, അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ ടെസ്റ്റുകള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ഇതുവരെ 47 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates