അഹമ്മദാബാദ് വിമാനാപകടം: ഇൻഷുറൻസ് ക്ലെയിം 4,000 കോടി രൂപയിലേറെ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും ഉയർന്ന ക്ലെയിം

അഹമ്മദാബാദിൽ സംഭവിച്ച ബോയിങ് ഡ്രീംലൈനർ വിമാന അപകടം ഒരു ദശാബ്ദത്തിനിടയിൽ ലോകത്ത് നടന്ന വലിയ ദുരന്തങ്ങളിലൊന്നാണ്.
Air India Plane Crash
Air India Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം Agency
Updated on
2 min read

ചെന്നൈ: ജൂൺ 12-ന് അഹമ്മദാബാദിൽ സംഭവിച്ച എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടവുമായി (Air India Plane Crash)ബന്ധപ്പെട്ട ആകെ ഇൻഷുറൻസ് ക്ലെയിമുകൾ നാലായിരം കോടി രൂപ (475 മില്യൺ ഡോളർ) യിലേറെ ആകുമെന്ന് കണക്കാക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നാകും. ഇന്ത്യയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി- റീ-GIC Re)യുടെ വിലയിരുത്തലാണിത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം, 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു.

ഈ അപകടത്തിൽ ആകെ ക്ലെയിമുകളുടെ തുക 475 മില്യൺ ഡോളറിലെത്തുമെന്ന് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ റീഇൻഷുറൻസ് കമ്പനിയായ ജിഐസി റീ (GIC Re) ചൊവ്വാഴ്ച പറഞ്ഞു, നഷ്ടപരിഹാര തുക (ലയബിലിറ്റി പേ ഔട്ട്) വിമാനത്തിന്റെ മൂല്യത്തേക്കാൾ 2.5 മടങ്ങ് കൂടുതലാകുമെന്ന് കണക്കാക്കുന്നു. ഇത് ഏകദേശം 4,091 കോടി രൂപ വരും (നിലവിലെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ).

"ഞങ്ങൾ കരുതുന്നത്, വിമാനത്തിന് ഏകദേശം 125 മില്യൺ ഡോളർ ആയിരിക്കും തുക, മറ്റ് ഇൻഷുറൻസ് തുകകൾ അടക്കം ബാധ്യതാ ക്ലെയിമുകൾ ഏകദേശം 350 മില്യൺ ഡോളർ ആയിരിക്കും," ജിഐസി റീ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാമസ്വാമി നാരായണൻ പറഞ്ഞു.

ബ്രിട്ടീഷ് പൗരനായ വിശ്വേഷ് കുമാർ രമേശ് എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിമാനം ഇടിച്ച് 38 പേർ മരിച്ചിരുന്നു.

വ്യോമയാന വ്യവസായ പോർട്ടലായ ഏവിയേഷൻ എ 2 ഇസെഡിന്റെ (Aviation A2Z) റിപ്പോർട്ട് പ്രകാരം, ബോയിങ് 787-8 ഡ്രീംലൈനർ ഉൾപ്പെട്ട ആദ്യത്തെ വലിയ ദുരന്തമാണിത്. ഒരു ദശാബ്ദത്തിനിടെ ആഗോളതലത്തിൽ സംഭവിച്ച ഏറ്റവും വലിയ വ്യോമയാന അപകടമാണിത്.

ഇൻഷുറൻസ് പരിരക്ഷയും ക്ലെയിമുകളും

ഏപ്രിൽ 2025 എഞ്ചിൻ മാറ്റിസ്ഥാപിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ ഇൻഷുറൻസ് പരിരക്ഷ 750 കോടി രൂപയിൽ നിന്ന് 850 കോടി രൂപയായി വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യു കെയിലെ വ്യോമയാന അപകട അന്വേഷണ വിഭാഗത്തി (എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്) ന്റെയും യുഎസ് ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെയും (എൻ‌ടി‌എസ്‌ബി) സഹായത്തോടെ ഇന്ത്യയിലെ വ്യോമയാന അപകട അന്വേഷണ ബ്യൂറോ (എ‌എ‌ഐ‌ബി) അപകടത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. എഞ്ചിൻ തകരാറാകാം എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

അപകടത്തിന്റെ സാധ്യമായ കാരണങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ അഭിപ്രായങ്ങൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം ചേർന്നു. ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ്, അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർനിർമ്മിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇൻഷുറൻസ് ക്ലെയിമായി നാലായിരം കോടിയിലേറെ രൂപ കണക്കാക്കിയിട്ടുണ്ടെന്നത് വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ഒരു മുതിർന്ന വ്യോമയാന വ്യവസായ കൺസൾട്ടന്റ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു - ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.ഇത് എയർലൈൻ വ്യവസായത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com