
ന്യൂഡല്‍ഹി: ''ടെഹ്‌റാന്‍ ഏറെക്കുറെ തകര്‍ന്നടിഞ്ഞുകഴിഞ്ഞു, നഗരം വിടാന്‍ ശ്രമിക്കുമ്പോള്‍ ആകാശത്ത് മിസൈലുകളും ഡ്രോണുകളും കാണാമായിരുന്നു.'' ഇറാനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥി അലി അക്ബറിന്റെ വാക്കുകളാണിവ. ജീവനും കയ്യില്‍ പിടിച്ച് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് യുദ്ധഭീതിയുടെ കഥകള്‍ മാത്രമാണ്. ഇറാനില്‍ നിന്നും അര്‍മേനിയയിലേക്ക് റോഡ് മാര്‍ഗവും അവിടെ നിന്ന് ഖത്തര്‍ വഴി ഇന്ത്യയിലേക്കും എത്തിയ ഇവര്‍ മാധ്യമങ്ങളോട് പങ്കുവച്ചത് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമായിരുന്നു.
ഇറാന്‍ ഇപ്പോഴൊരു ദുഃസ്വപ്‌നം പോലെയാണെന്നായിരുന്നു കശ്മീര്‍ സ്വദേശിയായ ഖാലിഫിന് പറയാന്‍ ഉണ്ടായിരുന്നത്. ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദവും മിസൈലുകളും കണ്ട ദിവസങ്ങളായിരുന്നു കടന്നുപോയത്. ഇറാന്‍ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം പലപ്പോഴും സ്‌ഫോടനങ്ങളില്‍ വിറച്ചു. ഖാലിഫ് പറയുന്നു. തങ്ങള്‍ താമസിച്ച കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടം ആക്രമണത്തില്‍ തരുന്നത് കണ്ട ഭയം ഇപ്പോഴും മാറിയിട്ടില്ല കശ്മീരില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥിനിയായ വര്‍ത്തയ്ക്ക്. ഇന്ത്യന്‍ അധികൃതര്‍ സഹായവുമായി എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നിയെന്നും വര്‍ത്ത പറയുന്നു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് നന്ദിയറിയിക്കുന്നു എന്നും വര്‍ത്ത പ്രതികരിച്ചു.
ഇന്ത്യന്‍ എംബസിയുടെ നേതൃത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ധ് എന്ന പേരിലുള്ള ഒഴിപ്പിക്കല്‍ ദൗത്യം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 110 പേരടങ്ങുന്ന ആദ്യ സംഘം ഇന്ത്യയില്‍ തിരിച്ചെത്തിയത്. കശ്മീരില്‍ നിന്നുള്ള 90 പേരുള്‍പ്പെടുന്ന ആദ്യ സംഘമാണ് വ്യാഴാഴ്ച നാട്ടിലെത്തിയത്. നാട്ടിലെത്തിയ വിദ്യാര്‍ഥികളെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഡല്‍ഹി വിമാനത്താവളത്തില്‍ സ്വാഗതം ചെയ്തു. ഓപ്പറേഷന്‍ സിന്ധുവിന് കീഴിലുള്ള ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും സിങ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ഇന്ന് തന്നെ മറ്റൊരു വിമാനം പുറപ്പെടുമെന്നും മന്ത്രി അറിയിച്ചു.
Iran-Israel conflict. Indian Students from Iran arrived at Delhi Indira Gandhi International Airport Thursday. first evacuation flight under Operation Sindhu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates