
ഹൈദരാബാദ്: മേഘാലയയിലെ ഹണിമൂണ്‍ മോഡല്‍ കൊലപാതകം തെലങ്കാനയിലും. തെലങ്കാനയിലെ ഗഡ്വാള്‍ സ്വദേശിയായ തേജേശ്വര്‍ എന്ന യുവാവിന്റെ അഴുകിയ മൃതദേഹം ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ പന്യത്തെ വയലില്‍ കണ്ടെത്തിയതില്‍ നടത്തിയ അന്വേഷണമാണ്, മറ്റൊരു രാജാ രഘുവംശി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. നവവരനായ തേജേശ്വറിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടുദിവസം മുമ്പായിരുന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
കര്‍ണൂല്‍ സ്വദേശിനിയായ 23-കാരി ഐശ്വര്യയും ലാന്‍ഡ് സര്‍വേയറും നര്‍ത്തകനും തെലങ്കാനയിലെ ഗഡ്വാള്‍ സ്വദേശിയുമായ തേജേശ്വറും മെയ് 18-നാണ് വിവാഹിതരാകുന്നത്. ഒരു മാസം കഴിഞ്ഞ് തേജേശ്വറിനെ കാണാതായി. കയ്യില്‍ തെലുങ്കില്‍ അമ്മ എന്ന് പച്ചകുത്തിയിരുന്നതാണ് മൃതദേഹം തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. കൊലപാതകത്തില്‍ ഐശ്വര്യക്ക് പങ്കുണ്ടെന്ന് തേജേശ്വറിന്റെ കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
ഐശ്വര്യയ്ക്ക് ബാങ്ക് മാനേജറായ തിരുമല്‍ റാവുവുമായി അടുപ്പമുണ്ടായിരുന്നു. ഇതു മറച്ചുവെച്ചാണ് തേജേശ്വറിനെ വിവാഹം കഴിക്കുന്നത്. ഇതിനു പിന്നാലെ മേഘാലയയില്‍ നടന്ന രാജ രഘുവംശി ഹണിമൂണ്‍ കൊലപാതകത്തിന്റെ മാതൃകയില്‍ തേജേശ്വറിനെ വകവരുത്താന്‍ ഐശ്വര്യയും തിരുമല്‍ റാവുവും പ്ലാന്‍ ചെയ്തു. കൊലപാതകം നടത്താനായി വാടകക്കൊലയാളികളെയും ഏര്‍പ്പാടാക്കി. ബൈക്കില്‍ പോകുമ്പോള്‍ തേജേശ്വറിനെ ആക്രമിച്ച് കൊലപ്പെടുത്തുക. ഇതിനിടെ ഐശ്വര്യ കാമുകനൊപ്പം പോകാനുമായിരുന്നു പദ്ധതി. കൊലപാതകം-തട്ടിക്കൊണ്ടുപോകല്‍ എന്ന ആംഗിളില്‍ പൊലീസ് അന്വേഷണം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍.
പിന്നീട് ഈ പദ്ധതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചു തവണ തേജേശ്വറിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ആറാമത്തെ ശ്രമത്തിലാണ് തേജേശ്വറിനെ കൊലപ്പെടുത്തുന്നത്. തേജേശ്വറിനെ ഇല്ലാതാക്കാന്‍ വായ്പ ആവശ്യപ്പെട്ട് സമീപിച്ച മൂന്നുപേര്‍ക്ക് ഐശ്വര്യയുടെ കാമുകനായ തിരുമല്‍റാവു രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. കൊലപാതകം തെളിയുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള പദ്ധതിയും റാവു തയ്യാറാക്കിയിരുന്നു. ഇയാള്‍ ബാങ്കില്‍നിന്ന് 20 ലക്ഷം രൂപ വായ്പയെടുക്കുകയും തനിക്കും ഐശ്വര്യക്കും ലഡാക്കിലേക്ക് പോകാന്‍ ടിക്കറ്റ് എടുക്കുകയും ചെയ്തു
2019 ല്‍ വിവാഹം കഴിച്ചിരുന്ന തിരുമല്‍റാവു, ഭാര്യയെ വകവരുത്താനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. ഐശ്വര്യയുടെ അമ്മ സുജാതയുമായിട്ടാണ് തിരുമല്‍ റാവുവിന് ആദ്യം അടുപ്പമുണ്ടായിരുന്നത്. സുജാത ഇയാളുടെ ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു. സുജാതയ്ക്കു പകരം ഐശ്വര്യ ഈ ജോലിക്ക് എത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുത്തത്. ഈ ബന്ധത്തില്‍നിന്ന് മകളോട് പിന്തിരിയാന്‍ ആവശ്യപ്പെട്ട സുജാത, തേജേശ്വറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആദ്യം ഐശ്വര്യ ഇതിന് കൂട്ടാക്കിയില്ല. ഫെബ്രുവരി 13-ന് തേജേശ്വറുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് വിവാഹം റദ്ദാക്കി.
അമ്മയ്ക്ക് സ്ത്രീധനം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഒളിവില്‍ പോയതെന്നാണ് ഐശ്വര്യ തേജേശ്വറിനോട് പറഞ്ഞത്. വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പിന്നീട് തേജേശ്വറിനെ അറിയിച്ചു. മെയ് 18-ന് അവര്‍ വിവാഹിതരായി. ഫെബ്രുവരിക്കും ജൂണിനും ഇടയില്‍ ഐശ്വര്യയും റാവുവും 2000 ഫോണ്‍ കോളുകള്‍ സംസാരിച്ചതായി പൊലീസ് പറയുന്നു. വിവാഹ സമയത്തും അവര്‍ നിരന്തരം ഫോണിലായിരുന്നു. താന്‍ അമ്മയുമായി സംസാരിക്കുകയാണെന്നാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാരെ ധരിപ്പിച്ചത്.
ഭൂമി സർവേ നടത്താനുണ്ടെന്നു പറഞ്ഞാണ് ക്വട്ടേഷൻ സംഘം തേജേശ്വറിനെ കാറിൽ കയറ്റി കൊണ്ടുപോയത്. മുൻസീറ്റിൽ ഇരുന്ന തേജേശ്വറിനെ പിന്നിൽനിന്ന് പിടിച്ചുകെട്ടി കഴുത്തറക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ വയർ കീറുകയും ചെയ്തു. സംഭവം ഫോണിലൂടെ തത്സമയം റാവുവിനെ കാണിച്ചിരുന്നു. ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. അവിടെ ആളുകളെ കണ്ടതോടെ അതുപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്താനാകില്ലെന്നായിരുന്നു ഐശ്വര്യയും തിരുമൽ റാവുവും വിചാരിച്ചിരുന്നത്. കേസിൽ ഐശ്വര്യ, തിരുമൽറാവു, ഐശ്വര്യയുടെ അമ്മ സുജാത, വാടകക്കൊലയാളികൾ എന്നിവരടക്കം എട്ടുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
The murder of the honeymoon model in Meghalaya was also reported in Telangana. The investigation into the discovery of the body of a young man named Tejeswar, a native of Garhwal in Telangana, unraveled another Raja Raghuvanshi model murder.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates