സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ എസ്ബിഐ പിഴ ഈടാക്കും, എടിഎമ്മിനും അധിക നിരക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2017 10:29 AM |
Last Updated: 01st April 2017 11:37 AM | A+A A- |

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ഈടാക്കാനും എടിഎം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് ചാര്‍ജ് ചെയ്യാനുമുള്ള എസ്ബിഐയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളിയാണ് ബാങ്ക് പുതിയ നിരക്കില്‍ നടപ്പാക്കിയിരിക്കുന്നത്.
പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ മാതൃകയില്‍ എസ്ബിഐ സേവന നിരക്കുകള്‍ ഉയര്‍ത്തുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ തന്നെ ഇതു പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് ഇരുപതു രൂപ മുതല്‍ നൂറു രൂപ വരെ പിഴ ഇടാക്കാനാണ് എസ്ബിഐ തീരുമാനം. കറന്റ് അക്കൗണ്ടുകള്‍ക്ക് ഇത് 500 രൂപ വരെയാണ്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ഈടാക്കുക എന്ന അഞ്ചു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ, ചട്ടമാണ് ബാങ്ക് വീണ്ടും നടപ്പാക്കുന്നത്.
ഗ്രാമ പ്രദേശങ്ങളില്‍ ആയിരം രൂപയും ഇടത്തരം നഗരങ്ങളില്‍ മൂവായിരം രൂപയും മെട്രൊ നഗരങ്ങളില്‍ അയ്യായിരം രൂപയുമാണ് എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ടത്. മൂന്നില്‍ കൂടുതലുള്ള എടിഎം സേവനങ്ങള്‍ക്കും ക്യാഷ് ഡെപ്പോസിറ്റിനും അധിക ചാര്‍ജ് ഈടാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.